മലേഷ്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് ബട്ടു ഗുഹകൾ. ശ്രീമുരുകന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഗുഹയ്ക്കുള്ളിലുള്ളത്. ലക്ഷക്കണക്കിന് ആളുകളാണ് വർഷം തോറും ഇവിടം സന്ദർശിക്കാൻ എത്തുന്നത്. ഇന്ത്യൻ വിനോദസഞ്ചാരികളുടെ ഹൃദയത്തിൽ വളരെ സവിശേഷമായ ഒരു സ്ഥാനവും ബട്ടു ഗുഹകൾക്കുണ്ട്.
മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെ സെലാൻഗോറിലാണ് ഗുഹയും അനുബന്ധ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. മുരുകൻ വസിക്കുന്ന പത്താമത്തെ ഗുഹയായാണ് ബാത്തു ഗുഹ അറിയപ്പെടുന്നത്. അതിൽ ആദ്യ ആറെണ്ണം ഇന്ത്യയിലും ബാക്കിയുള്ളത് മലേഷ്യയിലും ആണ്. 1890-ൽ തമ്പുസാമി പിള്ളൈ എന്ന ധനികനായ തമിഴ് വംശജനാണ് മുരുകനെ ഈ ഗുഹയിൽ പ്രതിഷ്ഠിച്ചത്.
400 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതായി കരുതപ്പെടുന്ന പ്രകൃതിദത്ത ചുണ്ണാമ്പുകല്ല് ഗുഹയാണിത്. ഈ സമുച്ചയത്തിൽ നിരവധി വലിയ ഗുഹകളും ചെറിയ ഗുഹകളും ഉൾപ്പെടുന്നു. ഓരോന്നിനും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്.
ടെമ്പിൾ കേവ് എന്നറിയപ്പെടുന്ന പ്രധാന ഗുഹയിലാണ് മുരുകന്റെ ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. 272 പടികൾ കയറി വേണം ഗുഹകൾക്ക് മുകളിൽ എത്താൻ. ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ആരാധനാലയങ്ങളിൽ ഒന്നാണിത്. മുരുകന്റെ സുവർണ്ണ പ്രതിമ ബട്ടു ഗുഹകളുടെ പ്രവേശന കവാടത്തിലാണ് നിലകൊള്ളുന്നത്. 140 അടി ഉയരമുള്ള ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുകന്റെ പ്രതിമാണ്. ഈ പ്രതിമ അയൽ രാജ്യമായ തായ്ലൻഡിൽ നിന്നാണ് കൊണ്ടുവന്നത്.
ബട്ടു ഗുഹകൾക്കുള്ളിലെ ക്ഷേത്രങ്ങൾ ദ്രാവിഡ വാസ്തുവിദ്യയിലാണ് പണി കഴിപ്പിച്ചിട്ടുള്ളത്. രാമായണം, മഹാഭാരതം, തമിഴ് കൃതികൾ എന്നിവയെ ആസ്പദമാക്കിയുള്ള മനോഹരമായ ചുവർചിത്രങ്ങൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.
മലേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ആഘോഷങ്ങളിലൊന്നായ വാർഷിക തൈപ്പൂയം ഉത്സവം ബട്ടു ഗുഹകളിൽ വിപുലമായാണ് ആഘോഷിക്കുന്നത്. ലക്ഷക്കണക്കിന് ഭക്തരാണ് മല കയറാനായി എത്തുന്നത്.