ജയ്പൂരിന്റെ സ്‌പെഷ്യൽ ചായ നുണഞ്ഞു, പണമിടപാടുകൾ യുപിഐ സംവിധാനം വഴി; പ്രധാനമന്ത്രിയിൽ നിന്നും രാമക്ഷേത്രത്തിന്റെ മാതൃക ഏറ്റുവാങ്ങി മാക്രോൺ

Published by
Janam Web Desk

ന്യൂഡൽഹി: ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക നൽകി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ജയ്പൂരിലെത്തിയ മാക്രോൺ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രശസ്ത സൗരോർജ്ജ നിരീക്ഷണ കേന്ദ്രമായ ജന്തർമന്തറും, ഹവാ മഹലുമടക്കമുള്ള വിനോദ-സാംസ്‌കാരിക കേന്ദ്രങ്ങൾ സന്ദർശിച്ചു.

രാജസ്ഥാനിലെ പൈതൃകം തൊട്ടറിയാൻ പ്രധാനമന്ത്രിക്കൊപ്പം മാക്രോൺ നടത്തിയ യാത്രയിൽ ജയ്പൂരിലെ ചായകൾക്ക് പേര് കേട്ട കുൽഹാദ് വാലി ചായയുടെ രുചിയും അദ്ദേഹം അറിഞ്ഞിരുന്നു. ഇന്ത്യയുടെ സ്വന്തം യുപിഐ സംവിധാനം ഉപയോഗിച്ചാണ് ഫ്രഞ്ച് പ്രസിഡന്റ് ജയ്പൂരിൽ പണമിടപാടുകൾ നടത്തിയത്. യുപിഐ സംവിധാനം വഴി പണമിടപാടുകൾ നടത്തുന്നത് തികച്ചും സൗകര്യപ്രദമാണെന്നും ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ഇത്തരം സംവിധാനങ്ങൾ സഹായകരമാണെന്നും മാക്രോൺ പറഞ്ഞു. ജയ്പൂരിന്റെ പൈതൃകവും സംസ്‌കാരവും പ്രധാനമന്ത്രിക്കൊപ്പം ആസ്വദിച്ച മാക്രോൺ 6 മണിക്കൂറോളം രാജസ്ഥാനിൽ ചെലവഴിച്ചിരുന്നു. ഇന്ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിലും അദ്ദേഹം പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഫ്രഞ്ച് പ്രസിഡന്റ് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്. ഇന്നലെ ജയ്പൂരിലെത്തിയ അദ്ദേഹം റോഡ് ഷോയിലും പങ്കുചേർന്നിരുന്നു. ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിൽ സന്തോഷവും നന്ദിയും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ പോസ്റ്റ് പങ്കിട്ടിരുന്നു.

Share
Leave a Comment