നാരീശക്തിയുടെ വിളമ്പരമാണ് ഇക്കുറി റിപ്പബ്ലിക് ദിന പരേഡ്. വിവിധ സേനകൾക്കായി വനിതകൾ കർത്തവ്യപഥിൽ ബൂട്ടണിയും. ഏകദേശം 80 ശതമാനം പരിപാടികളും സ്ത്രീ കേന്ദ്രീകൃതമാകും ഇന്നത്തെ ചടങ്ങുകൾ. സേന വിഭാഗങ്ങൾ മുതൽ അർദ്ധ സൈനിക വിഭാഗം വരെ നയിക്കുന്നവരുടെ കൂട്ടത്തിൽ മലയാളി വനിതകളുടെ സാന്നിധ്യവുമേറെയാണ്.
പരേഡിനെ നയിക്കുന്നവരിലുമുണ്ട് മലയാളികൾ. സിആർപിഎഫിന്റെ സംഘത്തെ നയിക്കുന്നത് പത്തനംതിട്ട പന്തളം സ്വദേശിനി അസിസ്റ്റൻഡ് കമാൻഡർ മേഘാ നായരാണ്. മലയാളിയായ കാമൻഡർ എച്ച്. ദേവികയാണ് നാവികസേനയുടെ സംഘത്തെ നയിക്കുന്നത്. ഡിസിപി ശ്വേത സുഗതൻ ഡൽഹി പോലീസിനെയും നയിക്കും. സാഹസിക അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന സിആർപിഎഫിന്റെ ബൈക്കർ സംഘമായ യശ്വസിനിയിലെ പത്ത് പേർ മലയാളി വനിതകളാണ്. കർത്തവ്യപഥിൽ ഇവർ ഇന്ന് അഭ്യാസ പ്രകടനങ്ങൾ നടത്തും.
സിആർപിഎഫിന്റെ പരേഡ് സംഘത്തിൽ ഒൻപത് മലയാളി വനിതകളാണുള്ളത്. എസ്എസ്ബിയുടെ ബാൻഡ് സംഘത്തിലും മൂന്ന് വനിതകളുണ്ട്. കര-നാവിക-വ്യോമസേനകളുടെ പരേഡ് സംഘത്തിൽ കരസേനയുടെ എട്ട് പേരും മലയാളികളാണ്. പരേഡിന് അണിനിരക്കുന്ന കരസേനയുടെ ബോബിംഗ് എഞ്ചിനീയറിംഗ് ഗ്രൂപ്പിന്റെ പരിശീലകനും മലയാളിയാണ്. മുംബൈ ഭീകരാക്രമണത്തിൽ ഭീകരരെ നേരിട്ട ദേശീയ സുരക്ഷാ സംഘത്തിലെ അംഗമായിരുന്ന വടകര സ്വദേശി സുബൈദാർ മേജർ അഖിലേഷാണ് പരിശീലനം നൽകുന്നത്. അഖിലേഷിന്റെ ഒൻപതാമത് റിപ്പബ്ലിക് ദിന പരേഡാണ് ഇത്.