മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിന്റെ ഇൻട്രോ തിയേറ്റർ വിറപ്പിക്കുമെന്ന് ടിനു പാപ്പച്ചൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് സിനിമയെ നെഗറ്റീവായി ബാധിച്ചെന്ന തരത്തിൽ നിരവധി ചർച്ചകളും സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പറയുകയാണ് സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.
‘മലൈക്കോട്ടൈ വാലിബനെ കുറിച്ചുള്ള ടിനു പാപ്പച്ചന്റെ അഭിപ്രായം ഒരിക്കലും സിനിമയെ നെഗറ്റീവായി ബാധിച്ചിട്ടില്ല. സിനിമയിൽ ഞാൻ കണ്ടിരിക്കുന്ന കാഴ്ച ഒരിക്കലും വാക്കുകളിലൂടെ പറഞ്ഞ് കൊടുക്കാൻ സാധിക്കില്ല. വിഷ്വൽസിലൂടെ പകർന്ന് നൽകാനാണ് ശ്രമിക്കുന്നത്. ടിനുവിനെ സംബന്ധിച്ച് ഫിലിം മേക്കറെന്നും എന്റെ അസോസിയേറ്റായിട്ട് വർക്ക് ചെയ്തു എന്നതിലുമുപരി എക്സൈറ്റ്മെന്റോടെ സിനിമ കാണാൻ ആഗ്രഹിക്കുന്ന ഓഡിയൻസിൽ പെട്ട ഒരാളാണ്. അത്തരത്തിലൊരാൾ ഉള്ളിൽ തട്ടി അഭിപ്രായം പറഞ്ഞതാണ്. അതിനകത്ത് മറ്റൊന്നുമില്ല. അത് ടിനുവിന്റെ സ്വന്തം അഭിപ്രായം മാത്രമാണ്. ലാലേട്ടനും ഒരുപാട് തവണ ഇത്തരത്തിൽ പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്കെല്ലാവർക്കും അങ്ങനെ തന്നെയായിരുന്നു മലൈക്കോട്ടൈ വാലിബൻ.
മലയാള സിനിമയ്‌ക്ക് നേരെയുണ്ടാകുന്ന ഇത്തരത്തിലെ ഹേറ്റ് ക്യാംപെയ്ൻ ഇൻഡസ്ട്രിയെ മാത്രമല്ല മനുഷ്യനെ മൊത്തത്തിലാണ് ബാധിക്കുന്നത്. ഇത്തരം വൈരാഗ്യത്തോടെ ജീവിക്കേണ്ട ആവശ്യമുണ്ടോ എന്ന് എപ്പോഴും ചിന്തിക്കാറുണ്ട്. രാവിലെ ഫോൺ എടുക്കുമ്പോൾ തന്നെ ബുദ്ധിമുട്ടാകും. അത്രയും ഹേറ്റായിട്ടാണ് ആളുകൾ സ്പ്രെഡ് ചെയ്യുന്നത്.
ചുറ്റിക വെച്ച് തലയോട്ടി അടിച്ചു തകർക്കുന്ന ഹീറോ അല്ല നമുക്ക് വേണ്ടത്. എത്ര പേരെ കൊന്നു എന്ന് കണക്കെടുക്കുന്ന, ആയിരകണക്കിന് ആൾക്കാരെ കൊന്ന് വീഴ്‌ത്തിയതിന് ശേഷം അതിനിടയിലൂടെ നടന്ന് പോകുന്ന ഹീറോയെ അല്ല നമുക്ക് വേണ്ടതെന്ന് ഞാൻ ഉറപ്പിച്ച് പറയുന്നു. ഇത്തരത്തിൽ സ്പ്രെഡ് ചെയ്യുന്നത് എന്തിനാണെന്ന് ഒരു തരത്തിലും ആലോചിച്ചിട്ട് എനിക്ക് മനസിലാകുന്നില്ല.
ഞങ്ങൾ ഒരു തരത്തിലും മലൈക്കോട്ടൈ വാലിബൻ മാസ് ആയിട്ടുള്ള സിനിമയാണെന്ന് പറഞ്ഞിട്ടില്ല. വളരെ കൃത്യതയോടെ പറഞ്ഞിരുന്നു. ഒരു അമർ ചിത്ര കഥപോലെ കാണേണ്ട ഒരു സിനിമയാണെന്ന്. ഒരു യോദ്ധാവിന്റെ യാത്രയായിരുന്നു ഫോളോ ചെയ്തത്. അയാളോടൊപ്പമാണ് നമ്മൾ യാത്ര ചെയ്യേണ്ടത്. ആദ്യത്തെ 20,30 മിനിറ്റ് ആ ലോകം പ്രേക്ഷകന് മനസിലാക്കാനാണ് ശ്രമിച്ചത്. പടം തുടങ്ങുന്നതു മുതൽ അവസാനം വരെ ഒരേ സ്പീഡിൽ പോകുന്നൊരു സിനിമയല്ല ഇത്.’-ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.















