മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ നൊവോക് ജ്യോക്കോവിച്ചിന് ഞെട്ടിപ്പിക്കുന്ന തോൽവി. 22-കാരനായ ഇറ്റാലിയൻ താരം ജാനിക് സിന്നറാണ് താരത്തെ പരാജയപ്പെടുത്തിയത്. ലോക ഒന്നാം നമ്പർ താരമായ ജ്യോക്കോവിച്ച് ആറ് വർഷങ്ങൾക്ക് ശേഷമാണ് ഓസ്‌ട്രേലിയൻ ഓപ്പണിൽ പരാജയമറിയുന്നത്. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു ജാനിക് സിന്നറുടെ വിജയം. സ്‌കോർ 6-1, 6-2, 6-7, 6-3.
ഇതാദ്യാമായാണ് സിന്നർ ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ ഫൈനലിലെത്തുന്നത്. ഓസ്‌ട്രേലിയൻ ഓപ്പൺ സിംഗിൾസ് ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരം കൂടിയാണ് സിന്നർ. ജ്യോക്കോവിച്ചിനെതിരെ അട്ടിമറി വിജയം നേടിയതോടെ 2008നുശേഷം ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷതാരവും സിന്നറാണ്.
ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ ഡാനിൽ മെദ്വേദേവ് -അലക്‌സാണ്ടർ സ്വരേവിനെ നേരിടും. ഇതിലെ വിജയികളിയാരിക്കും ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സിന്നറുടെ എതിരാളി.