ന്യൂഡൽഹി : ഇന്ത്യൻ തത്വചിന്തകളെ പറ്റിയും , സംസ്കൃത വ്യാകരണത്തെ പറ്റിയും ആഗോള തലത്തിൽ പ്രചാരണം നടത്തുന്ന 87-കാരനായ ഫ്രഞ്ച് പൗരൻ , പ്രൊഫസർ പിയറി സിയാൽ വാൻ ഫിലിയോസാറ്റ് . കഴിഞ്ഞ ദിവസം ഇന്ത്യ പദ്മശ്രീ നൽകി ആദരിച്ച നാല് ഫ്രഞ്ച് പൗരന്മാരിൽ ഒരാൾ .
പാരീസിൽ സംസ്‌കൃതം പഠിപ്പിക്കുകയും സംസ്‌കൃത വ്യാകരണം, കവിതയും കാവ്യശാസ്ത്രവും, ഇന്ത്യൻ ഗണിതത്തിന്റെ ചരിത്രം, തന്ത്രവിദ്യ , ഇന്ത്യൻ വാസ്തുവിദ്യയുടെ ചരിത്രം എന്നീ മേഖലകളിൽ ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ട് ഫിലിയോസാറ്റ്. പാണിനിയുടെ വ്യാകരണം, സംസ്‌കൃത കാവ്യം, കർണാടകയിലെ ക്ഷേത്ര വാസ്തുവിദ്യ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ഫ്രഞ്ച്, ഇംഗ്ലീഷ്, സംസ്‌കൃതം എന്നിവയിൽ നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2013-ൽ ലാൽ ബഹദൂർ ശാസ്ത്രി സംസ്‌കൃത വിദ്യാപീഠം അദ്ദേഹത്തിന് ‘മഹാ-മഹോപാധ്യായ’ ബഹുമതി നൽകി ആദരിച്ചു. 2014-ൽ ഇന്ത്യൻ രാഷ്‌ട്രപതിയിൽ നിന്ന് ‘സംസ്‌കൃതത്തിനുള്ള ബഹുമതി സർട്ടിഫിക്കറ്റ്’ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.എല്ലാ വർഷവും, ജൂൺ മാസത്തിൽ, പാരീസിൽ ‘സംസ്കൃത ദിനമായി ആചരിക്കുന്നതിന് പിന്നിലും ഇദ്ദേഹമാണ് .
ഹംപിയെ യുനെസ്‌കോ ‘വേൾഡ് ഹെറിറ്റേജ് സെൻ്ററായി’ പ്രഖ്യാപിക്കാനുള്ള പ്രധാന കാരണവും സമർപ്പിത പ്രവർത്തനത്തിലൂടെയുള്ള ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ഇവ കൂടാതെ ഹിന്ദുസ്ഥാനി സംഗീതം, നൃത്തം, നാടകം തുടങ്ങി കലയിലും സംസ്കാരത്തിലും ഇദ്ദേഹത്തിന് താൽപ്പര്യമുണ്ട്.















