കൊച്ചി: അദ്ധ്യാപകന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎൻഎ പരിശോധന നടത്താൻ എൻഐഎ. കോടതിയിൽ ഉടൻ അപേക്ഷ നൽകും. അറസ്റ്റിലായത് സവാദ് തന്നെയാണെന്ന് കോടതിയിൽ തെളിയിക്കുന്നതിന്റെ ഭാഗമാണ് ഡിഎൻഎ പരിശോധന.
13 വർഷം ഒളിവിൽ കഴിഞ്ഞ ശേഷമാണ് കഴിഞ്ഞ മാസം പിഎഫ്ഐ ഭീകരൻ സവാദിനെ കണ്ണൂരിൽ നിന്ന് എൻഐഎ പിടികൂടുന്നത്. ഷാജഹാൻ എന്ന പേരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. സ്വാഭാവികമായും കോടതിയിൽ ഇയാൾ തന്നെയാണ് സവാദ് എന്ന് തെളിയിക്കേണ്ടതിന്റെ ബാധ്യത എൻഐഎയ്‌ക്ക് ഉണ്ട്. കൂടുതൽ ശാസ്ത്രീയ തെളിവുകളും കണ്ടെത്തണം. ഇതിന്റെ ഭാഗമായാണ് ഡിഎൻഎ പരിശോധനയ്‌ക്ക് എൻഐഎ തയ്യാറെടുക്കുന്നത്.
ഫെബ്രുവരി 16 വരെ സവാദിനെ റിമാൻഡ് ചെയ്തിരുന്നു. അടുത്തയാഴ്ച കസ്റ്റഡി നീട്ടുന്നതിനായുള്ള അപേക്ഷ എൻഐഎ കോടതിയിൽ സമർപ്പിക്കും. ഇതിനൊപ്പമാകും ഡിഎൻഎ പരിശോധനയ്‌ക്കുള്ള അപേക്ഷയും സമർപ്പിക്കുക.