ബിഹാറിൽ ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാർ ഒരിക്കൽ കൂടി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇതോടെ എൻഡിഎ സർക്കാർ വീണ്ടും സംസ്ഥാനത്ത് അധികാരത്തിലെത്തി. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് പട്‌നയിലെ രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
ജെഡിയുവിൽ നിന്ന് മൂന്ന് പേരും ബിജെപി, ഹിന്ദുസ്ഥാൻ അവാം മോർച്ച, സ്വതന്ത്ര എംഎൽഎമാരുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ബിഹാറിലെ പുതിയ എൻഡിഎ സർക്കാരിലെ മന്ത്രിമാർ ആരൊക്കെയാണെന്ന് നോക്കാം..
സാമ്രാട്ട് ചൗധരി
രാകേഷ് കുമാർ എന്ന സാമ്രാട്ട് ചൗധരി ബിഹാറിലെ ബിജെപി അദ്ധ്യക്ഷനാണ്. പാർട്ടിയുടെ നിയമസഭാകക്ഷി നേതാവ് കൂടിയാണ് അദ്ദേഹം. ഉപമുഖ്യമന്ത്രിയായാണ് പുതിയ മന്ത്രിസഭയിൽ ചുമതലയേറ്റത്.
വിജയ് സിൻഹ
മഹാഗഡ്ബന്ധൻ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ബിഹാറിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരുന്ന ബിജെപി നേതാവാണ് വിജയ് സിൻഹ. 2010 മുതൽ ലഖിസാറായ് മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ്. 2020 നവംബർ മുതൽ 2022 ഓഗസ്റ്റ് വരെ ബിഹാറിലെ നിയമസഭാ സ്പീക്കറായിരുന്നു. പുതിയ എൻഡിഎ സർക്കാരിൽ ഉപമുഖ്യമന്ത്രിയാണ്.
ഡോ. പ്രേം കുമാർ
മുൻ എൻഡിഎ സർക്കാരിലെ മന്ത്രിയായിരുന്നു, പ്രധാന ബിജെപി നേതാവാണ്.
സന്തോഷ് സുമൻ
ബിഹാർ മുൻ മുഖ്യമന്ത്രിയും എച്ച്എഎം നേതാവുമായ ജിതൻ റാം മഞ്ചിയുടെ മകനാണ്. എച്ച്എഎം പ്രസിഡന്റായ സന്തോഷ് സുമൻ മഹാദളിത് കമ്യൂണിറ്റിയിൽ നിന്നുള്ള അംഗമാണ്.
വിജയ് ചൗധരി
നിതീഷ് കുമാറിന്റെ ഏറ്റവും അടുത്ത സഹപ്രവർത്തകനും പ്രധാനപ്പെട്ട ജെഡിയു നേതാവുമാണ്. മുൻ സർക്കാരിൽ ധനവകുപ്പ് കൈകാര്യം ചെയ്തിരുന്നു. അതിന് മുമ്പ് വിവിധ വകുപ്പുകളുടെ ചുമതല നിർവ്വഹിച്ചിട്ടുണ്ട്.
ശരവൺ കുമാർ
പ്രധാന ജെഡിയു നേതാവ്. മുൻ സർക്കാരുകളിൽ മന്ത്രിയായിട്ടുണ്ട്.
ബിജേന്ദ്ര യാദവ്
ജെഡിയു നേതാവ്. മുൻ സർക്കാരുകളിൽ ഊർജ്ജമന്ത്രിയായിരുന്നു.
സുമിത് സിംഗ്
ബിഹാറിൽ നിന്നുള്ള ഏക സ്വതന്ത്ര എംഎൽഎ. രജ്പുത് കമ്യൂണിറ്റിയിലെ അംഗം. മുൻ സർക്കാരുകളിലും മന്ത്രിയായിരുന്നു.