പട്‌ന: ബിഹാറിലെ ബിജെപി- ജെഡിയു സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എൽജെപി( രാംവിലാസ്) അദ്ധ്യക്ഷൻ ചിരാഗ് പസ്വാൻ. ദേശീയ തലത്തിൽ എന്ന പോലെ താനും തന്റെ പാർട്ടിയും സംസ്ഥാന തലത്തിലും ബിജെപി സ്വീകരിക്കുന്ന നിലപാടിനെ പിന്തുണയ്‌ക്കുമെന്ന് ചിരാഗ് അറിയിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറുമായി രാഷ്‌ട്രീയപരമായ ഭിന്നതകളുണ്ടെങ്കിലും സർക്കാരിനെ പിന്തുണയ്‌ക്കാൻ താൻ ബാദ്ധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
‘ബിഹാർ ഫസ്റ്റ്’ എന്ന ആദർശം മുൻ നിർത്തി തങ്ങൾ പ്രവർത്തിക്കും. നിതീഷ് കുമാറുമായി രാഷ്‌ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നിരുന്നാലും സർക്കാരിനെ പിന്തുണയ്‌ക്കാൻ താൻ ബാദ്ധ്യസ്ഥനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു. എൽജെപി( രാംവിലാസ്) എൻഡിഎയുടെ ഭാഗമാണ്. രാഷ്‌ട്ര പുനർനിർമ്മാണത്തിനായുള്ള പ്രവർത്തനങ്ങളെ എല്ലാകാലത്തും ഞങ്ങൾ പിന്തുണയ്‌ക്കുന്നുണ്ട്. ചിരാഗ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ചിരാഗ് പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് എൻഡിഎ സർക്കാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ചൗധരി, മുതിർന്ന ബിജെപി നേതാവ് വിജയ് കുമാർ സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് ഡോ. പ്രേംകുമാർ, ജെഡിയു നേതാക്കളായ വിജയ് കുമാാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവൺ കുമാർ, എച്ച്എഎം നേതാവ് സന്തോഷ് കുമാർ സുമൻ, സ്വതന്ത്രൻ സുമിത് കുമാർ സിംഗ് എന്നിവരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയത മറ്റു മന്ത്രിമാർ. ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.
243 അംഗ സഭയിൽ 128 അംഗങ്ങളാണ് നിലവിൽ ബിജെപിക്കുള്ളത്. 78 എംഎൽഎമാരുള്ള ബിജെപിയാണ് മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ജെഡിയുവിന് 45 ഉം എച്ച്എഎമ്മിന് നാലും ഒരു സ്വതന്ത്രനും അംഗങ്ങൾ സഭയിലുണ്ട്.