ഹാലാസ്യനാഥനായ സുന്ദരേശ്വര ഭഗവാൻ ഭക്തനും ഗായകനുമായ ഭദ്രന് ഫലകം (പലക ) സമ്മാനിച്ച ലീലയാണ് ഇത്.
ശിവ ഭഗവാന്റെ അനുഗ്രഹത്താൽ ഭദ്രന് ഐശ്വര്യവും സമൃദ്ധിയും സിദ്ധിച്ചത് കണ്ടപ്പോൾ മറ്റ് ഗായകർക്ക് അസൂയ ഉണ്ടായി. തൽഭലമായി അവർ നിന്ദ്യമായ കർമ്മങ്ങൾ ചെയ്യുവാൻ തുടങ്ങി.
ഭഗവാന്റെ അനുഗ്രഹത്താൽ ഭദ്രൻ ഇത് അറിയാൻ ഇടയായി. അതുകൊണ്ട് സുന്ദരേശ്വരനെ കൂടുതൽ സമയം ആരാധിക്കുവാൻ തുടങ്ങി. ഈശ്വരന്റെ തൃപ്പാദങ്ങൾ മാത്രം ആശ്രയമായി വിശ്വസിച്ച ഭദ്രൻ ഒരു പ്രതിജ്ഞയെടുത്തു. അത് ഇതായിരുന്നു. “ഇന്നുമുതൽ എല്ലാ ദിവസങ്ങളിലും മൂന്നുകാലങ്ങളിലും, അർത്ഥ യാമത്തിലും, സുന്ദരേശ്വര ഭഗവാനേ ഗാനാലാപനം ചെയ്ത് സേവിക്കും.”
എല്ലാ സമയത്തും സമ്പത്തും ആയുസ്സും മോക്ഷവും ലഭിക്കുന്നതിന് മഹേശ്വര സേവ കൊണ്ട് മാത്രമേ കഴിയുകയുള്ളൂ. ദാരിദ്ര്യം ആധി – വ്യാധികൾ (ആധി – ദുഃഖകാരണം, വ്യാധി – രോഗം) അനേകതരത്തിലുള്ള ദുഃഖം, ഘോര പാപം, ശത്രുപീഢ, എന്നിവ ഇല്ലാതെയാക്കുന്നതിനുള്ള ഔഷധം തന്നെയാണ് മഹാദേവ ആരാധന.
ഭഗവാനെ സേവിക്കുക എന്നുള്ളത് ദൃഢവ്രതമാക്കിയ ഭദ്രൻ അതിൽ തന്നെ മുഴുകി. ത്രികാലങ്ങളിലും സുന്ദരേശനെ ഗാനാലാപനത്താൽ സ്തുതിച്ചു. ഭഗവാൻ ഭക്തനെ പരീക്ഷിക്കുവാൻ തീരുമാനിച്ചു. അതിഘോരമായ മഴ പെയ്യിച്ചു കൊണ്ടായിരുന്നു ഭഗവാന്റെ ലീല. ഭദ്രൻ സ്വഭവനത്തിൽ നിന്ന് ഹാലാസ്യ ക്ഷേത്രത്തിലേക്ക് അതിവേഗത്തിൽ നടന്നു പോയപ്പോൾ വളരെ ഘോരമായ മഴ പെയ്തു. ശിരസ്സിൽ മഴത്തുള്ളികൾ വീണത് അവഗണിച്ചുകൊണ്ട് അതിവേഗത്തിലായിരുന്നു യാത്ര. അപ്രതീക്ഷിതമായി ഉണ്ടായ ഈ മഴ ഭഗവാൻ മേഘങ്ങളോട് ആജ്ഞാപിച്ചതിന്റെ ഫലമായി ഉണ്ടായതാണ്.
മരങ്ങളെ തട്ടിത്തകർത്തു കൊണ്ടും ഇടി നാദം മുഴക്കിക്കൊണ്ടും പെയ്യുന്ന മഴ നനഞ്ഞുകൊണ്ട് ഭദ്രൻ ക്ഷേത്രത്തിൽ ചെന്ന് മുമ്പ് പാടിയതിനേക്കാൾ മനോഹരമായി പാടി. കാറ്റടിച്ചു ഉണ്ടാകുന്ന മഴത്തുള്ളികൾ ഭദ്രന്റെ ശരീരം മുഴുവൻ തെറിച്ചുവീണു മഴവെള്ളം ചെളിയോടൊപ്പം ഒഴുകിവന്ന ഭദ്രന്റെ മാറിടം കവിഞ്ഞു. ഇവയൊന്നും അദ്ദേഹത്തിനെ അസ്വസ്ഥനാആക്കിയില്ല. നിശ്ചലനായി സുന്ദരേശ്വരനെ ധ്യാനിച്ചുകൊണ്ട് അദ്ദേഹം ഗാനാലാപനം തുടർന്നുകൊണ്ടിരുന്നു. വെള്ളവും ചെളിയും വന്നു മൂടിയപ്പോഴും ഭദ്രൻ ഗാനാലാപനം തുടരുന്നത് കണ്ടപ്പോൾ ഭഗവാൻ പ്രസന്നനായി. ചെളിയിൽ മൂടിയിരിക്കുന്നതിനു സമീപം ഒരു സ്വർണ്ണപ്പലക പെട്ടെന്ന് ദൃശ്യമായി. പലക ആരാണ് തന്നതെന്ന് വിചാരം അദ്ദേഹത്തിന് ഉണ്ടായി എങ്കിലും ഗാനാലാപനം നിർത്തിയില്ല. ആലാപനം തീർന്ന ഭദ്രൻ സ്വഭാവനത്തിലേക്ക് മടക്കയാത്ര ആരംഭിച്ചപ്പോൾ മഴ നിന്നു. ആകാശം നിർമ്മലമായി നക്ഷത്രങ്ങൾ പ്രകാശിച്ചു അന്ധകാരം നീങ്ങി. നടന്നു പോകേണ്ട വഴിയിൽ വെളിച്ചം ഉണ്ടായി. സ്വഭവനത്തിൽ ചെന്ന് ബന്ധുക്കളെ ഈ കാര്യങ്ങൾ അറിയിച്ചു. രത്നങ്ങൾ മിന്നുന്ന പലക കണ്ടപ്പോൾ സുന്ദരേശ ഭഗവാൻ തന്നെയാണ് ഇത് തന്നതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. നാഥനെ സേവിക്കുന്നവരുടെ ആഗ്രഹങ്ങൾ ഭഗവാൻ സാധിപ്പിക്കുമെന്ന് എല്ലാവരും പറഞ്ഞത് ഭദ്രനും സമ്മതിച്ചു.
ഈ വൃത്താന്തം അറിഞ്ഞ വരഗുണ രാജാവ് ഭദ്രനെ പ്രഭാതത്തിൽ തന്നെ ക്ഷണിച്ചുവരുത്തി. ഭഗവാൻ സമ്മാനിച്ച പലകയും രാജാവ് കണ്ടു. മഹേശ്വര സങ്കൽപ്പത്താൽ അദ്ദേഹം പൂജിച്ചു ധനധാന്യാധികളും ദ്രവ്യങ്ങളും ഭദ്രനു സമ്മാനമായി നൽകി. തുടർന്ന് ഇപ്രകാരം പറഞ്ഞു.
“ഭദ്രാ അങ്ങയെ പോലെ ഭക്തി മറ്റാർക്കാണ് ഉള്ളത്.? സുന്ദരേശ ഭഗവാൻ അങ്ങയോടൊപ്പം ഉണ്ട്. ദിവ്യമായ ഈ പലക അങ്ങല്ലാതെ മറ്റാർക്കാണ് ലഭിക്കുവാൻ ഭാഗ്യം ഉള്ളത്.. ഭക്തനും ഈശ്വരനും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്ന് പുരാണങ്ങളും ശാസ്ത്രങ്ങളും പറയുന്നു, പരമേശ്വര ഭക്തരെ പൂജിക്കുകയാണെങ്കിൽ പാപങ്ങൾ നശിക്കും എന്നുള്ളതിന് യാതൊരു സംശയവുമില്ല. ഇന്ന് അങ്ങയെ പൂജിച്ചത് കൊണ്ട് എന്റെ പാപം മുഴുവൻ തീർന്നു. ഭദ്രനെ വീണ്ടും വീണ്ടും പ്രശംസിച്ച രാജാവ് ആദരപൂർവ്വം അദ്ദേഹത്തെ സ്വഭവനത്തിലേക്ക് യാത്രയാക്കി.
സുന്ദരേശനെ ധ്യാനിച്ചു കൊണ്ട് ഭദ്രൻ ജീവിതം മുന്നോട്ട് നയിച്ചു. ഈശ്വരാനുഗ്രഹത്താൽ ഭദ്രന് നിത്യവും സമ്പത്ത് വർദ്ധിച്ചു.
ഈ ലീല ശ്രവിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നവർക്ക് ആയുരാരോഗ്യസമ്പത്ത് വർദ്ധിക്കും. അന്ത്യത്തിൽ മോക്ഷവും ലഭിക്കും..
അടുത്ത ഹാലാസ്യമഹാത്മ്യം – 44 ഭദ്രാവിജയം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















