വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഫെബ്രുവരി 2ന് വിശാഖപട്ടണത്ത് തുടക്കമാകും. ആദ്യ ടെസ്റ്റിൽ 28 റൺസിന് തോൽവി വഴങ്ങിയതിന് പിന്നാലെ രവീന്ദ്ര ജഡേജയും കെഎൽ രാഹുലിനും പരിക്കിനെ തുടർന്ന് രണ്ടാം മത്സരം നഷ്ടമാകുകയും ചെയ്തു. ഇരുവർക്കും പകരക്കാരായി വാഷിംഗ്ടൺ സുന്ദർ, സർഫറാസ് ഖാൻ, സൗരഭ് കുമാർ എന്നിവരെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രവീന്ദ്ര ജഡേജയ്‌ക്ക് പകരക്കാരനായി ബിസിസിഐ പ്രഖ്യാപിച്ച സൗരഭ് കുമാർ ആരെന്നാണ് ആരാധകർ ചിന്തിക്കുന്നത്.
ടീം ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ആദ്യമായല്ല സൗരഭ് കുമാറെത്തുന്നത്. 2022-ൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും ബംഗ്ലാദേശിനെതിരായ പരമ്പരയിലും താരം ടീമിലുൾപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യക്കായി ക്രീസിലെത്താൻ 30- കാരനായ സൗരഭ് കുമാറിന് അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിനായി കളിക്കുന്ന താരം ജഡേജയെ പോലെ ഓൾറൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റിൽ 27.11 ശരാശരി 68 മത്സരങ്ങളിൽ നിന്ന് താരം 2061 റൺസ് നേടിയിട്ടുണ്ട്. 290 വിക്കറ്റും 68 മത്സരങ്ങളിൽ നിന്നായി വീഴ്‌ത്തിയിട്ടുണ്ട്.
ഇംഗ്ലണ്ട് എയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഇന്ത്യൻ എ ടീമിനായി കാഴ്ചവച്ച മികച്ച പ്രകടനമാണ് ടെസ്റ്റ് ടീമിലേക്ക് വഴിതുറക്കാൻ കാരണം. ഇംഗ്ലണ്ട് എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റിൽ ആറ് വിക്കറ്റും 77 റൺസും താരം സ്വന്തമാക്കി. ഇതോടെയാണ് സൗരഭിനെ സെലക്ടർമാർ സീനിയർ ടീമിലേക്ക് പരിഗണിച്ചത്.