വരിക്കാരുടെ എണ്ണത്തിൽ വർദ്ധനയുമായി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 നവംബറിൽ 34.5 ലക്ഷം വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്. 17.5 ലക്ഷം വരിക്കാരുമായി എയർടെലാണ് രണ്ടാം സ്ഥാനത്ത്. ഇതേ സമയം വോഡഫോൺ ഐഡിയയ്‌ക്ക് (വിഐ) 10.7 ലക്ഷം വരിക്കാരെ നഷ്ടമായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം മുൻ മാസത്തെ അപേക്ഷിച്ച് 0.28 ശതമാനം വളർച്ച രേഖപ്പെടുത്തി. ഒക്ടോബറിൽ 1,150.98 ദശലക്ഷം ആയിരുന്നെങ്കിൽ നവംബറിൽ ഇത് 1,154.17 ദശലക്ഷമായി ഉയർന്നു. 10.15 ദശലക്ഷം വരിക്കാരുമായി ജിയോ ആണ് വയർഡ് ബ്രോഡ്ബാൻഡ് സേവനങ്ങളിൽ മുൻപന്തിയിൽ.
7.28 ദശലക്ഷം വരിക്കാരുമായി ഭാരതി എയർടെലും 3.80 ദശലക്ഷം വരിക്കാരുമായി ബിഎസ്എൻഎല്ലും ആണ് പിന്നിൽ. ആട്രിയ കൺവെർജൻസ് ടെക്‌നോളജീസും ഒണോട്ട് ഇൻ്റർടെയ്ൻമെൻ്റ് ലിമിറ്റഡും യഥാക്രമം 2.21 ദശലക്ഷവും 1.14 ദശലക്ഷവും വരിക്കാരെ ഇക്കാലയളവിൽ സ്വന്തമാക്കിയതായി ട്രായ് വ്യക്തമാക്കി. നഗരപ്രദേശങ്ങളിലെ വയർലെസ് സബ്‌സ്‌ക്രിപ്‌ഷനുകൾ മുൻ മാസത്തിലെ 630.36 ദശലക്ഷത്തിൽ നിന്ന് നവംബറിൽ 630.72 ദശലക്ഷമായി. ഗ്രാമപ്രദേശങ്ങളിൽ ഇത് 520.62 ദശലക്ഷത്തിൽ നിന്ന് 523.45 ദശലക്ഷമായും വർദ്ധിച്ചു.
നവംബറിൽ 11.95 ദശലക്ഷം വരിക്കാാരണ് മൊബൈൽ നമ്പർ പോർട്ട് ചെയ്തത്. മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) നടപ്പാക്കിയതിന് ശേഷം എംഎൻപി അപേക്ഷകൾ സമർപ്പിക്കുന്നതിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 914.75 ദശലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഒക്‌ടോബർ അവസാനം ഇത് 902.80 ദശലക്ഷമായിരുന്നു.