ഇടുക്കി: പുറമ്പോക്ക് ഭൂമി കയ്യേറിയത് റവന്യൂ വകുപ്പ് കണ്ടെത്തിയതോടെ ശാന്തൻപാറ ഓഫീസ് കെട്ടിടത്തിന്റെ സംരക്ഷണഭിത്തി പൊളിച്ചു മാറ്റി സിപിഎം. ഇന്നലെയാണ് സിപിഎം സംരക്ഷണഭിത്തി പൊളിച്ചു മാറ്റിയത്. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ പേരിൽ ശാന്തൻപാറയിലുള്ള എട്ട് സെന്റ് സ്ഥലത്ത് നിർമ്മാണം തുടങ്ങിയ ഓഫീസ് കെട്ടിടത്തിന്റെ സുരക്ഷാ ഭിത്തിയാണ് സിപിഎം തന്നെ പൊളിച്ചു നീക്കിയത്.
കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായി എൻഒസിയ്‌ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഈ അപേക്ഷ ജില്ലാ കളക്ടർ നിരസിക്കുകയും 48 ചതുരശ്ര മീറ്റർ ദൂരത്ത് സിപിഎം റോഡ് കയ്യേറിയിട്ടുണ്ടെന്നും 12 ചതുരശ്ര മീറ്റർ പട്ടയം ഇല്ലാത്ത ഭൂമിയാണ് കൈവശം വച്ചിരിക്കുന്നതെന്നും കണ്ടെത്തുകയായിരുന്നു. ഭൂസംരക്ഷണ നിയമ പ്രകാരം റോഡ് പുറമ്പോക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് അധികൃതർക്ക് നിർദ്ദേശവും റവന്യൂ വകുപ്പ് നൽകി. ഇതോടെയാണ് പുറമ്പോക്ക് ഭൂമി കയ്യേറി നിർമ്മിച്ച സംരക്ഷണഭിത്തി സിപിഎം തന്നെ പൊളിച്ചു നീക്കിയത്.















