ആലപ്പുഴ: 15 പ്രതികൾക്കും വധശിക്ഷ ലഭിച്ചതിൽ സംതൃപ്തിയുണ്ടെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയദേവ്. അന്വേഷണ സംഘത്തിന്റെയും കേരള പോലീസിന്റെയും പ്രോസിക്യൂഷന്റെയും കൂട്ടായ ശ്രമമാണ് കുറ്റവാളികൾക്ക് ശരിയായ ശിക്ഷ ലഭിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. തികച്ചും ആസൂത്രിതമായ കുറ്റകൃത്യത്തിൽ പങ്കെടുത്ത എല്ലാ പ്രതികളെയും കുറഞ്ഞ സമയത്തിനുള്ളിൽ നിയമത്തിന് മുന്നിൽ എത്തിക്കാൻ പോലീസിന് സാധിച്ചു. പ്രതികളെ പിടികൂടുക എന്നതുപോലെ തന്നെ വളരെ വലിയ ഉദ്യമം തന്നെയാണ് ഇവർക്ക് തക്കതായ ശിക്ഷ വാങ്ങി നൽകുക എന്നത്. അതിലും കൃത്യമായ പ്രവർത്തനമാണ് പ്രത്യേക അന്വേഷണ സംഘം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വളരെയധികം സംതൃപ്തി നൽകുന്ന വിധിയാണ് ലഭിച്ചിരിക്കുന്നത്. ഇത്രയും ഹീനമായ കുറ്റകൃത്യം ചെയ്തവർക്ക് നിയമം നിഷ്‌കർഷിക്കുന്ന പരമാവധി ശിക്ഷ തന്നെ ലഭിച്ചതിൽ സന്തോഷമുണ്ട്. ഇത്തരം കുറ്റകൃത്യം ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ ലഭിക്കും എന്നതാണ് വിധി സൂചിപ്പിക്കുന്നത്. അന്വേഷണ സംഘത്തെ നയിച്ച ഉദ്യോഗസ്ഥൻ എന്ന നിലയിലും ജില്ലാ പോലീസ് മേധാവി എന്ന നിലയിലും സംതൃപ്തി നൽകുന്നതാണ് ഈ വിധി. അന്വേഷണ ഉദ്യോഗസ്ഥനായ ജയരാജിന്റെയും അദ്ദേഹത്തിന്റെ ടീമിന്റെയും പ്രയത്‌നം എടുത്തുപറയേണ്ടതാണ്.
രാജേഷ്, വിനോദ്, അരുൺ എന്നീ ഇൻസ്‌പെക്ടർമാരുടെ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതുണ്ട്. ഡിവൈഎസ്പി ഗിരീഷ് തുടങ്ങീ ഒട്ടനവധി ഉദ്യോഗസ്ഥർ അന്വേഷണത്തിന് പിന്നിലുണ്ടായിരുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പടിക്കലിന്റെ പ്രയത്‌നം കുറ്റവാളികൾക്ക് ഈ ശിക്ഷ നേടിനൽകാൻ സഹായിച്ചു. പോലീസിന്റെയും പ്രോസിക്യൂഷന്റെയും കൂട്ടായ പ്രവർത്തനമാണ് കേസിൽ നിർണായകമായത്. പ്രതികളെ പിടിക്കുക എന്നതുപോലെ തന്നെ വളരെ വലിയ ഉദ്യമം തന്നെയാണ് ഇവർക്ക് തക്കതായ ശിക്ഷ വാങ്ങി നൽകുക എന്നത്. അതിലും കൃത്യമായ പ്രവർത്തനമാണ് പ്രത്യേക അന്വേഷണ സംഘം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.















