മകനോട് സംസാരിച്ചിട്ട് അഞ്ച് മാസത്തിലധികമായെന്ന് ഇന്ത്യൻ താരം ശിഖർ ധവാൻ. താൻ പറയുന്നത് തന്റെ വേദനകളാണെന്നും ശിഖർ ധവാൻ
ഹ്യുമൻസ് ഓഫ് ബോംബയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിവാഹ മോചനത്തിന് ശേഷം മകൻ സൊറാവർ മുൻ ഭാര്യ ആയിഷ മുഖർജിയ്ക്കൊപ്പമാണ് ജീവിക്കുന്നത്.
ഞാൻ എന്റെ വികാരങ്ങളാണ് പ്രകടിപ്പിക്കുന്നത്. അഞ്ച് മാസത്തിലധികമായി ഞാൻ അവനോട് സംസാരിച്ചിട്ട്. സാങ്കേതിക വിദ്യയുടെ ഈ യുഗത്തിൽ അവൻ പോസ്റ്റ് കാണുമെന്ന പ്രതീക്ഷയിലാണ് ഞാനത് എഴുതിയത്. എവിടെയായിരുന്നാലും അവൻ സന്തോഷത്തോടെയിരിക്കണമെന്നാണ് എന്റെ ആഗ്രഹം. ഒരുനാൾ അവൻ എന്നെ വന്ന് കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ദിവസവും ഞാൻ അവന് സന്ദേശങ്ങൾ അയക്കുന്നുണ്ട്. അവനത് കാണുന്നുണ്ടോയെന്നൊന്നും എനിക്കറിയില്ല. എനിക്ക് പ്രതീക്ഷകളൊന്നുമില്ല.
ഞാനൊരു പിതാവാണ്. ആ കടമ നിറവേറ്റാനാണ് ഞാൻ ശ്രമിക്കുന്നത്. ഞാൻ അവനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. കാണാൻ കഴിയാത്തതിൽ വിഷമം തോന്നുന്നുണ്ട്. പക്ഷേ ആ വിഷമത്തിനൊപ്പം ജീവിക്കാൻ ഞാൻ പഠിച്ചു. രണ്ട് തവണ മാത്രമാണ് അവനെ നേരിൽ കാണാൻ അനുവദിച്ചത്. അതും രണ്ട്,മൂന്ന് മണിക്കൂർ മാത്രം. മകൻ എന്റെ ചുറ്റും എപ്പോഴുമുണ്ടായിരിക്കണം എന്നാണ് എന്റെ ആഗ്രഹം. എനിക്ക് അവനെ കെട്ടിപ്പിടിക്കണം.- ധവാൻ പറഞ്ഞു.