തിരുവനന്തപുരം: ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പൊതു സ്ഥാനാർത്ഥികളെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർത്താൻ ഇൻഡി മുന്നണിക്ക് സാധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സീറ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇൻഡി മുന്നണിയെ ശക്തിപ്പെടുത്താനായുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സീതാറാം യെച്ചൂരി അവകാശപ്പെട്ടു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം നേതാവ്.
‘ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നമുക്ക് പൊതു സ്ഥാനാർത്ഥികളെ ഉണ്ടാക്കാൻ കഴിയും. ചർച്ചകൾ അവസാന ഘട്ടത്തിലാണ്. പാർട്ടികൾ തമ്മിൽ ധാരണകൾ നടക്കുന്നു. ബംഗാളിൽ ഇൻഡി സഖ്യം ഒന്നിച്ചാൽ അത് ബിജെപിക്ക് ഗുണം ചെയ്യും. വലിയ ഭരണ വിരുദ്ധത വികാരം ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തണം’.
‘കേരളത്തിൽ എൽഡിഎഫ് സർക്കാരിനോട് നിഷേധാത്മകവും ജനാധിപത്യ വിരുദ്ധവുമായ സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാരിനോടുള്ള കോൺഗ്രസ് പാർട്ടിയുടെ വിനാശകരമായ ഈ സമീപനം കേരളത്തിലെ ജനങ്ങൾ തള്ളിക്കളയും. അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ സർക്കാർ സ്‌പോൺസർ ചെയ്‌ത പരിപാടിയാണ്. ഇത് മതേതരത്വത്തിന്റെ മരണമണി മുഴക്കുകയാണ്’- എന്നും യെച്ചൂരി പറഞ്ഞു.















