ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ പതിറ്റാണ്ടുകളായി കാത്തിരുന്ന ദേശീയ താത്പര്യമുള്ള നിരവധി പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതം സാക്ഷ്യം വഹിച്ചതെന്ന് രാഷ്‌ട്രപതി ദ്രൗദപദി മുർമു. അഞ്ച് നൂറ്റാണ്ടായി കാത്തിരുന്ന രാമക്ഷേത്രം ഇന്ന് യാഥാർത്ഥ്യമായി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പരാമർശിക്കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്ര നേട്ടമാണ്.
യുവശക്തി, സ്ത്രീശക്തി, കർഷകർ, ദരിദ്രർ എന്നിങ്ങനെ നാല് ശക്തമായ തൂണുകളിലാണ് ഇന്ത്യയുടെ വികസനമെന്ന് സർക്കാർ വിശ്വസിക്കുന്നു. ലോകം രണ്ട് മഹായുദ്ധങ്ങൾക്കാണ് പത്ത് വർഷത്തിനിടെ സാക്ഷ്യം വഹിച്ചത്. എന്നാൽ അത്തരം ആഗോള പ്രതിസന്ധികൾക്കിടയിലും പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ കേന്ദ്രത്തിനായി. സാധാരണക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ സർക്കാർ നിരന്തരം പരിശ്രമിക്കുന്നു.
പാർലമെന്റ് മന്ദിരത്തിന് ശ്രേഷ്ഠ ഭാരതത്തിന്റെ സുഗന്ധമുണ്ടെന്നും ഭാരതത്തിന്റെ സംസ്കാരത്തിന്റെയും നാഗരികതയുടെയും മഹത്വം പ്രതിഫലിപ്പിക്കാനും കഴിയുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു. 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള സമയമായ അമൃതകാലത്തിന്റെ തുടക്കത്തിലാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചതെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.