മലയാളികളുടെ പ്രിയതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള കുടുംബ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി. മകൾ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷ പരിപാടിക്കിടെ എടുത്ത ചിത്രമാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവച്ചത്. താരങ്ങളോടൊപ്പം അവരുടെ ഭാര്യമാരും ചിത്രത്തിലുണ്ട്.
മോഹൻലാൽ, ഭാര്യ സുചിത്ര, മമ്മൂട്ടി, ഭാര്യ സുൽഫത്ത്, സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഗോകുൽ, ഭാവ്നി, മാധവ് എന്നിവരാണ് ചിത്രത്തിലുള്ളത്. ദിവസങ്ങൾ നീണ്ട ആഘോഷങ്ങളാണ് ഭാഗ്യ സുരേഷിന്റെ വിവാഹത്തിലുണ്ടായിരുന്നത്. കേരളക്കരയിൽ തന്നെ ചർച്ചയായതായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പങ്കെടുത്ത വിവാഹം സമൂഹമാദ്ധ്യമങ്ങളിലും മറ്റും വലിയ ശ്രദ്ധാകേന്ദ്രമായിരുന്നു.
ഗുരുവായൂരപ്പനെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന വിവാഹം ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാനും നവദമ്പതികളെ അനുഗ്രഹിക്കാനും വലിയൊരു താര സംഗമം തന്നെയാണ് ക്ഷേത്ര സന്നിധിയിലുണ്ടായിരുന്നത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരും കുടുംബ സമേതം എത്തിയിരുന്നു. വിവാഹത്തിനും തുടർന്ന് നടന്ന ആഘോഷ പരിപാടികളിലും താരങ്ങൾ പങ്കെടുത്തിരുന്നു.