ന്യൂഡൽഹി: ബിജെപിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ഏഴ് ആംആദ്മി എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നു എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. എംഎൽഎമാർക്ക് 25 കോടി വീതം നൽകി എന്നും കെജ്‌രിവാൾ ആരോപിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് കാട്ടി ബിജെപി രംഗത്തു വന്നതോടെ കെജ്‌രിവാൾ അകപ്പെട്ടു.
ഇതിന് പിന്നാലെ ഡൽഹി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കെജ്രിവാളിന്റെ വസതിയിലെത്തി. കെജ്‌രിവാളിന്റെ ആരോപണങ്ങൾക്ക് തെളിവ് നൽകാൻ ഡൽഹി പോലീസ് നോട്ടീസ് ആവശ്യപ്പെട്ടു. ഡൽഹി മന്ത്രി അതിഷിയുടെ വസതിയിലും പോയിരുന്നു. എന്നാൽ കെജ്‌രിവാളോ അതിഷിയോ സ്ഥലത്തുണ്ടായിരുന്നില്ല.
രാഷ്‌ട്രീയമായി എത്രമാത്രം നിരാശനാണ് കെജ്‌രിവാൾ എന്നു തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് ബിജെപി ഡൽഹി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. ഡൽഹിയിൽ 70ൽ 62 എംഎൽഎമാരുള്ള ആംആദ്മി എംഎൽഎമാരെ ബിജെപി തകർക്കാൻ ആഗ്രഹിക്കുന്നു എന്നത് കെജ്‌രിവാളിന്റെ മാനസിക പാപ്പരത്തമാണ് കാണിക്കുന്നതെന്നും വീരേന്ദ്ര സച്ച്ദേവ വിമർശിച്ചു.















