ഗായകനായ ഭദ്രന്റെ പത്നിയായ ഭദ്രയ്‌ക്ക് ഗാനാലാപന മത്സരത്തിൽ ശിവഭഗവാൻ വിജയം നേടിക്കൊടുത്ത ലീലയാണ് ഇത്.
ഹാലാസ്യേശ്വര ഭക്തനും സദ്ഗുണ സമ്പന്നനുമായ വരഗുണ രാജാവ് ശിവലോകം പ്രാപിച്ചപ്പോൾ പുത്രനായ രാജരാജൻ മധുരാപുരിയിലെ രാജാവായി. ഇദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായ ഭഗവാന്റെ ലീലയാണ് ഇതിലെ പ്രതിപാദ്യം.
ഭദ്രപത്നിയായ ഭദ്ര പതിവ്രതയും ശിവഭക്തയും സുന്ദരിയും ആയിരുന്നു. പ്രഗൽഭരായ ഒരു സംഗീതജ്ഞ കൂടിയായ അവർ ഗാനാലാപനം ചെയ്ത എല്ലാവരെയും ആനന്ദിപ്പിച്ചിരുന്നു. ഒരു ദിവസം രാജ പത്നിയെ കാണുവാനായി ഭദ്ര കൊട്ടാരത്തിൽ എത്തി. അപ്പോൾ തന്നെ കൊട്ടാരത്തിലുള്ള “രാജവിമോഹിനി” എന്ന സുന്ദരിയും രാജ പത്നിയുടെ സമീപം ആഗതയായി. ഗാനാലാപനത്തിൽ തന്നെപ്പോലെ സാമർത്ഥ്യമുള്ള ആരുമില്ല എന്നാണ് ഗായികയായ അവർ വിചാരിച്ചത്. അതുകൊണ്ട് ഗാനാലാപനത്തിൽ സമർത്ഥയായ ഭദ്രയോട് ആ ഗായികയ്‌ക്ക് അസൂയ ഉണ്ടായി. ഗാന വിദ്യയുടെ പേരിൽ രണ്ടുപേരും തമ്മിൽ കലഹിച്ചു. രാജപത്നി ഇടപെട്ട് കലഹം ഒഴിവാക്കി. ഭദ്ര സ്വഭവനത്തിലേക്ക് പോവുകയും നിത്യകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തുകൊണ്ട് ജീവിതം നയിച്ചു. രാജവിമോഹിനി എന്ന ഗായിക കൊട്ടാരത്തിൽ നടന്ന കലഹത്തെക്കുറിച്ച് രാജാവിനോട് പറഞ്ഞു. ഏതെങ്കിലും വിധത്തിൽ ഭദ്രയെ അപമാനിക്കണമെന്ന സ്വന്തം ആഗ്രഹവും അറിയിച്ചു.
സുന്ദരേശ ഭക്തനാണെങ്കിലും അൽപസമയത്തേക്ക് ഭഗവാന്റെ മഹിമ രാജാവിന്റെ സ്മരണയിൽ വന്നില്ല. ഗായികയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുവാൻ സന്നദ്ധനായി. ഇതും ഭഗവാന്റെ ഒരു ലീല തന്നെയാണ്. പാണ്ഢ്യ രാജാവ് മറ്റൊരു രാജ്യത്തിൽ നിന്ന് ഒരു ഗാനപ്രവീണയെ കണ്ടു പിടിച്ച് വരുത്തി. ഭദ്രയെയും ക്ഷണിച്ചുവരുത്തി. അന്യരാജ്യത്തിൽ നിന്ന് വന്ന സംഗീതജ്ഞയോട് മത്സരിക്കുവാനും ജയിക്കുവാനും കഴിയുമോ എന്നറിയുവാനാണ് ഭദ്രയെ വരുത്തിയത്. അപ്പോൾ ആ ഗായിക ഇങ്ങനെ അറിയിച്ചു. ഞാൻ മഹേശ്വര ഭക്തയും പതിവ്രതയുമാണ്. ഭക്തവത്സലനായ സുന്ദരേശ ഭഗവാൻ കൂടെയുള്ളപ്പോൾ ഞാൻ എങ്ങനെ തോൽക്കും. എന്റെ പാതിവ്രത്യം എന്നെ രക്ഷിക്കും എന്നുള്ളതിന് സംശയമില്ല.
രാജാവ് ഭദ്രയെ പോകാൻ അനുവദിച്ചതിനുശേഷം നവാഗതയായ ഗായികയോട് ഇങ്ങനെ പറഞ്ഞു. സുന്ദരിയായ ഭദ്രയെ നീ ജയിക്കണം. സഭാ മധ്യത്തിൽ വച്ച് നിന്ദ്യമായ വാക്കുകൾ പറഞ്ഞു ആ ഗായികയുടെ കഴിവിനെ നശിപ്പിക്കണം. അപ്പോൾ ഞാൻ അത് തടഞ്ഞാലും പരിഗണിക്കേണ്ടതില്ല. ഭദ്രയെ തോൽപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി പാടുകയും ചെയ്യണം. എന്റെ സഭയിൽ നീ ആരെയും ഭയപ്പെടേണ്ടതില്ല.
ഈ പക്ഷപാത ബുദ്ധി രാജാവിന് നൽകിയതും ഭഗവാന്റെ ലീലയാണ് അടുത്തദിവസം രണ്ടുപേരെയും മത്സരത്തിന് ക്ഷണിച്ചു. ധാരാളം പേർ മത്സരം കാണാൻ എത്തിയിരുന്നു. രാജാവ് നേരത്തെ സൂചിപ്പിച്ചിരുന്നത് പോലെ നവഗായിക ഭദ്രയെ നിന്ദിക്കുവാൻ തുടങ്ങി. രാജാവ് തടയുന്നതായി ഭാവിച്ചുവെങ്കിലും നേരത്തെയുള്ള വ്യവസ്ഥയനുസരിച്ച് പുതിയ ഗായിക നിന്ദ്യമായ വാക്കുകൾ വർഷിക്കുവാൻ തുടങ്ങി. അവസാനം വേദിയിൽ നിന്ന് പുറത്തുപോകാൻ വരെ ഗായിക ഭദ്രയോട് പറഞ്ഞു.അപ്പോൾ രാജാവ് മധ്യസ്ഥ ഭാവത്തിൽ ഇങ്ങനെ പറഞ്ഞു നിങ്ങൾ പരസ്പരം കലഹിക്കേണ്ട, രണ്ടുപേരും പാടണം. ശ്രോതാക്കൾ ആരുടെ പാട്ടിനെയാണോ പ്രശംസിക്കുന്നത് ആ ആളാണ് മത്സരത്തിൽ വിജയിക്കുന്ന ആൾ. ജയിക്കുന്ന ആളുടെ ദാസി ആകണം രണ്ടുപേരും. ഈ വ്യവസ്ഥ സമ്മതിച്ച ഇരുവരും ഭംഗിയായി ഗാനം ആലപിച്ചു. സദസ്യർ ഭദ്രയുടെ ഗാനത്തെ പ്രശംസിച്ചു. എന്നാൽ രാജാവ് പുതിയ ഗായികയുടെ പാട്ടിനെയാണ് പ്രശംസിച്ചത്. ഭദ്രയെ അപമാനിക്കുവാനാണ് ഇങ്ങനെ ചെയ്തത്. രാജാവ് അടുത്ത ദിവസവും ഗാനലാപനം നടത്തണമെന്ന് അഭിപ്രായപ്പെട്ടു. പുതിയ ഗായികയോട് രാജാവ് താത്പര്യം കാണിക്കുന്നത് കണ്ടപ്പോൾ ആ ഭക്ത ഹാലാസ്യനാഥനെ സ്തുതിച്ചുകൊണ്ട് ഇങ്ങിനെ പ്രാർത്ഥിച്ചു.
“ഹാലാസ്യനാഥാ, ജഗന്നാഥ, മഹേശ്വര, ദയാനിധേ… ഈ രാജ്യത്തിലെ രാജാവായ രാജരാജ പാണ്ഢ്യൻ ഗാനാലാപന മത്സരം നടത്തുവാനും അതിൽ എനിക്ക് പരാജയം ഉണ്ടാകുവാനും ആഗ്രഹിക്കുന്നു. അദ്ദേഹം ചെയ്യുന്ന അന്യായത്തിൽ നിന്ന് എന്നെ രക്ഷിക്കേണമേ. എനിക്ക് മറ്റാരും ആശ്രയമില്ല..”
അപ്പോൾ “ഭയപ്പെടേണ്ട ഞാൻ രക്ഷിച്ചു കൊള്ളാം” എന്നുള്ള ഒരു അശരീരി കേട്ടു. ഭദ്ര സസന്തോഷം ക്ഷേത്രത്തിൽ നിന്നും ഭവനത്തിൽ എത്തി അടുത്ത ദിവസം രാജസദസ്സിൽ ഗാനാലാപന മത്സരം ഉണ്ടായി.
പതിവുപോലെ സദസ്യർ ഭദ്രയുടെഗാനത്തെ പ്രശംസിച്ചു. എന്നാൽ രാജാവ് മാത്രം വിപരീത അഭിപ്രായം പ്രകടിപ്പിച്ചു.ഭഗവാന്റെ ലീലയാണ് അദ്ദേഹത്തിന്റെ ഈ മനോഭാവത്തിന് കാരണം. രാജാവിന്റെ അഭിപ്രായപ്രകടനം കേട്ടപ്പോൾ ഭദ്ര വിനയപൂർവ്വം ഇങ്ങനെ പറഞ്ഞു..
“അങ്ങയുടെ അഭിപ്രായം നിഷ്പക്ഷമല്ല. അതുകൊണ്ട് സഭാവാസികളോടൊപ്പം ഹാലാസ്യ ക്ഷേത്രത്തിലെ സുന്ദരേശ്വര ഭഗവാന്റെ മുന്നിലുള്ള മണ്ഡപത്തിൽ ഞങ്ങൾ പാടാം. അപ്പോൾ ആരുടെ ഗാനത്തെ ആണോ എല്ലാവരും പ്രശംസിക്കുന്നത് ആ ആൾ ജയിച്ചതായി കരുതണം. തോൽക്കുന്ന ആൾ ദാസി ആവുകയും വേണം.”
രാജാവ് കൂടുതലൊന്നും ചിന്തിക്കാതെ അത് സമ്മതിച്ചു ഭദ്രയെ തന്റെ ദാസിയാക്കാം എന്ന ചിന്തയോട് കൂടി പുതിയ ഗായികയും സുന്ദരേശ്വര വാക്യത്തെ സ്മരിച്ചുകൊണ്ട് ഭദ്രയും ഗാന സദസ്സിൽ എത്തി. അപ്പോൾ സുന്ദരേശ്വര ഭഗവാനും കാവി വസ്ത്രം ധരിച്ച് സദസ്യരോടൊപ്പം വേദിയിലിരുന്നു. സാന്നിദ്ധ്യം കൊണ്ട് ഭക്തയെ അനുഗ്രഹിക്കുവാൻ വേണ്ടിയാണ് ഭഗവാൻ അവിടെ ആഗതനായത് പുതിയ ഗായിക ആദ്യം പാടാൻ ആരംഭിച്ചു പാട്ട് കേട്ടപ്പോൾ രാജാവും സദസ്യരും പ്രശംസിച്ചില്ല അന്തര്യാമിയായ ഭഗവാന്റെ പ്രേരണയാണ് ഇതിന് കാരണം ഹാലാസ്യനാഥനെ സ്മരിച്ചുകൊണ്ട് ഭദ്രയും ഗാനം ആലപിച്ചു ഭഗവാന്റെ ഉൾപ്രേരണയാൾ സകലരും ഭദ്രയുടെ ഗാനത്തെ പ്രശംസിച്ചു അങ്ങനെ ഭഗവത് അനുഗ്രഹത്താൽ ഭദ്ര ഗാനാലാപന മത്സരത്തിൽ വിജയിച്ചു ഭഗവാനെ സദസ്സിൽ ഒരാളായിട്ടാണ് എല്ലാവരും കണ്ടത് ഗാനാലാപനത്തിനുശേഷം ഭഗവാൻ അപ്രത്യക്ഷനാവുകയും ചെയ്തു.
പുതിയ ഗായിക പരാജയപ്പെടുകയും രാജാവ് പറഞ്ഞതുപോലെ ദാസിയായി ഭവിക്കുകയും ചെയ്തു. ജയിച്ച ആളെ തോൽക്കുന്ന ആളുടെ തോളിൽ ഇരുത്തി ചുമക്കണം എന്നുള്ളതാണ് ഇവിടെ ദാസ്യഭാവം കൊണ്ട് അർത്ഥമാക്കുന്നത്. അതനുസരിച്ച് പുതിയ ഗായിക ഭദ്രയെ തോളിൽ കയറ്റി നടന്നു. രാജാവിന്റെ അഭ്യർത്ഥന പ്രകാരം പിന്നീട് താഴെ ഇറക്കി. ഭദ്രയ്‌ക്ക് ധാരാളം ആഭരണങ്ങളും രത്നങ്ങളും രാജാവ് നൽകി പുതിയ ഗായികയെയും ആദരിച്ചു.
ഇത്രയും കാര്യങ്ങൾ നടന്നു കഴിഞ്ഞപ്പോഴാണ് രാജാവിന് ഹലാസ്യനാഥന്റെ സ്മരണ ഉണ്ടായത് ശിഷ്ടകാലം ഈശ്വരോപാസനയിൽ മുഴുകി അദ്ദേഹം ജീവിതം നയിച്ചു..
അടുത്ത ഹലാസ്യ മാഹാത്മ്യം 45 – സൂകരങ്ങളുടെ സ്തന്യപാനം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















