അമൃത്സർ: പഞ്ചാബ് ഗവർണർ ബൻവരിലാൽ പുരോഹിത് രജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് രാജിയെന്ന് ഗവർണർ അറിയിച്ചു. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെ അഡ്മിനിസ്ട്രേറ്റർ സ്ഥാനവും രാജിവച്ചതായി കാണിച്ചാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്ത് നൽകിയത്. പഞ്ചാബ് സർക്കാരും അദ്ദേഹവും തമ്മിലുള്ള പ്രശ്നങ്ങൾ നടക്കുന്നതിനിടെയാണ് രാജി.
2023 നവംബർ 10-ന് പഞ്ചാബ് നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകൾക്ക് അദ്ദേഹം അനുമതി നൽകിരുന്നില്ല. ബില്ല് പാസാക്കാൻ കാലതാമസം വരുത്തിയതിൽ പുരോഹിതിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. എന്നാൽ സ്പീക്കറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത നിയമസഭാ സമ്മേളനം അസാധുവാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.