കഴിഞ്ഞ മൂന്ന് വർഷമായി അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസയുടെ ഇൻജെനിറ്റി എന്നറിയപ്പെടുന്ന മിനിയേച്ചർ റോബോട്ട് ഹെലികോപ്റ്റർ സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ ഗ്രഹത്തിൽ പര്യവേക്ഷണം ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്. വിലപ്പെട്ട വിവരങ്ങളാണ് ഇൻജെനിറ്റി ശേഖരിച്ചത്.
72 തവണയാണ് ഹെലികോപ്റ്റർ പറന്നിറങ്ങി വിവരങ്ങൾ ശേഖരിച്ചത്. 70-ാമത്തെ പറക്കലിന് ചൊവ്വാ ഗ്രഹത്തിന്റെ മനോഹരമായ ഉപരിതലത്തിന്റെ ചിത്രങ്ങളാണ് റോബോട്ടിക് ഹെലികോപ്റ്റർ പകർത്തിയത്.ചുവന്ന പരവതാനിയിൽ പരന്നു കിടക്കുന്ന മൺത്തിട്ടകളുടെ ദൃശ്യങ്ങളാണ് ഭൂമിയിലേക്ക് അയച്ചത്. പാറകൾ നിറഞ്ഞ തിട്ടകളും വരമ്പുകളും മലനിരകളും ചിത്രത്തിൽ പ്രദർശിപ്പിച്ചു.
2023 ഡിസംബർ 22-ന് ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 39 അടി ഉയരത്തിൽ പറന്നാണ് ഇൻജെനിറ്റി ചിത്രങ്ങൾ പകർത്തിയത്. 1.8 കിലോഗ്രാം മാത്രം ഭാരമുള്ള ഹെലികോപ്റ്ററാണ് ഗ്രഹത്തിന്റെ ശോഭ പുറം ലോകത്തെ അറിയിച്ചത്.
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഹെലികോപ്റ്റർ ഇതുവരെ 72 തവണയാണ് പറന്നത്. നാസ ശാസ്ത്രജ്ഞർ പ്രതീക്ഷിച്ചതിലും 14 മടങ്ങ് കൂടുതൽ ദൂരമാണ് ഈ കുഞ്ഞൻ പിന്നിട്ടത്.
2021 ഫെബ്രുവരിയിലാണ് പ്രിസേർവറൻസ് എന്ന ലാൻഡറിനെയും വഹിച്ച് ഇൻജെനിറ്റി ചൊവ്വയിലിറങ്ങിയത്. ചൊവ്വയിലെ ആയിരം ദിനങ്ങളാണ് ഇൻജെനിറ്റി പൂർത്തിയാക്കിയത്. പ്രിസേർവറൻസ് ലാൻഡറെയും കുഞ്ഞൻ ഹെലികോപ്റ്റർ ക്യാമറ കണ്ണിൽ പകർത്തിയിട്ടുണ്ട്.















