ലണ്ടൻ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ പക്ഷപാതപരമായി ബിബിസി ചിത്രീകരിച്ച രീതിയെ ശക്തമായി വിമർശിച്ച് ബ്രിട്ടീഷ് പാർലമെന്റ്. ലോകത്തെമ്പാടും എന്താണ് നടക്കുന്നതെന്ന് രേഖപ്പെടുത്തുമ്പോൾ അതിൽ മാന്യത കൈവിടാതിരിക്കാൻ ബിബിസി ശ്രദ്ധിക്കണമെന്നും പാർലമെന്റിൽ ആവശ്യമുയർന്നു. ബോബ് ബ്ലാക്ക്മാൻ എംപിയാണ് ബ്രിട്ടീഷ് പാർലമെന്റിൽ നിലപാട് വ്യക്തമാക്കിയത്.
“കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ രാമക്ഷേത്രം ജനങ്ങൾക്കായി തുറന്നുകൊടുത്തു. ലോകത്തെമ്പാടുമുള്ള ഹിന്ദുക്കൾക്ക് അത് വലിയ സന്തോഷമാണ് പ്രദാനം ചെയ്തത്. കാരണം ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോദ്ധ്യ. എന്നാൽ ഖേദകരമെന്ന് പറയട്ടെ, ബിബിസി ഈ വാർത്ത റിപ്പോർട്ട് ചെയ്തത് പക്ഷപാതപരമായിട്ടായിരുന്നു.
മസ്ജിദ് തകർത്ത സ്ഥലത്താണ് ക്ഷേത്രം പണിതതെന്ന് ചൂണ്ടിക്കാട്ടിയ ബിബിസി ഒരുകാര്യം മറച്ചുവച്ചു. തകർക്കപ്പെടുന്നതിന് മുമ്പ് രണ്ടായിരം വർഷത്തോളം അവിടെ ക്ഷേത്രമുണ്ടായിരുന്നു. എല്ലാത്തിനുമുപരി, മുസ്ലിങ്ങൾക്ക് മസ്ജിദ് പണിയാൻ അവിടെ അഞ്ച് ഏക്കർ സ്ഥലവും അവിടെ നൽകിയിട്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത. ഇതെല്ലാം മറച്ചുവച്ചാണ് ബിബിസി വാർത്ത റിപ്പോർട്ട് ചെയ്തത്.”- ബ്രിട്ടീഷ് എംപി ചൂണ്ടിക്കാട്ടി. ബിബിസിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പാർലമെന്റിൽ ഇക്കാര്യം ചർച്ച ചെയ്യാൻ സമയം അനുവദിക്കണമെന്നും മറ്റ് അംഗങ്ങളോട് അഭ്യർത്ഥിച്ചു.















