മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. യുവതാരങ്ങളെ അണിനിരത്തി ഒരുങ്ങുന്ന ചിത്രം വിനീത് ശ്രീനിവാസനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാനവേഷങ്ങളിൽ എത്തും. കല്യാണി പ്രിയദർശൻ നായികയാകുന്ന ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവക്കുകയാണ് ധ്യാൻ. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
വിവിധ കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രത്തിൽ പറയുന്നത്. ചിത്രത്തിൽ നാല് ലുക്കിലാണ് താനും പ്രണവും എത്തുന്നത്. മീശയും താടിയും ഇല്ലാതെ കൗമാരക്കാരുടെ ലുക്കിലും ഞങ്ങൾ എത്തുന്നുണ്ട്. കൂടാതെ സിനിമയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് വർഷങ്ങൾക്ക് ശേഷം പറയുന്നത്. ചിത്രത്തിലെ സംഭാഷണങ്ങൾ വിനീത് ശ്രീനിവാസൻ ഇംഗ്ലീഷിൽ എഴുതിയാണ് പ്രണവിനെ പഠിച്ചതെന്നുമായിരുന്നു ധ്യാനിന്റെ വാക്കുകൾ.
മലയാളികൾക്ക് വിഷു കൈനീട്ടമായി ഏപ്രിലിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഡിസംബർ 20-നാണ് സിനിമയിടെ ചിത്രീകരണം പൂർത്തിയായത്. 40 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായെന്ന വാർത്തയും അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു. മേരിലാന്റ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്.
ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്ക് ശേഷം. നിവിൻ പോളിയും ചിത്രത്തിൽ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബേസിൽ ജോസഫ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. വിഷുവിന് ചിത്രം തീയേറ്ററുകളിലെത്തും.