നിവിൻ പോളിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ആക്ഷൻ ഹിറോ ബിജു. ആബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രത്തിൽ ശക്തമായ ഒരു പോലീസ് വേഷത്തിലായിരുന്നു നിവിൻ എത്തിയത്. എട്ട് വർഷം മുൻപ് റിലീസായ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. നടൻ നിവിൻ പോളി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവച്ചത്. ചിത്രത്തിന്റെ എട്ടാം വാർഷികത്തിൽ തന്നെയാണ് രണ്ടാം ഭാഗത്തിന്റെ വിവരവും പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും നിവിൻ പോസ്റ്റിലൂടെ അറിയിച്ചു.
‘ആക്ഷൻ ഹീറോ ബിജു തീയേറ്ററിലെത്തിയിട്ട് ഇന്ന് 8 വർഷം തികയുന്നു. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തിന് ആരാധകരുടെ നിരവധി അഭിനന്ദനങ്ങളും സ്‌നേഹവും ലഭിക്കുന്നുണ്ട്. ഏറെ നാളായി കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വളരെ ആവേശത്തോടെ അവതരിപ്പിക്കുകയാണ്. കാത്തിരിക്കുക…’ എന്നായിരുന്നു നിവിൻ പോളി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ്.
ആബ്രിഡ് ഷൈൻ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചോ അണിയറ പ്രവർത്തകരെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.