40-കാരനായ തയ്യൽക്കാരനെ 10 വർഷം തടവിന് ശിക്ഷിച്ച് പോക്സോ കോടതി. മുംബൈയിലെ മലാഡിലെ ഒമ്പതുകാരനെ ലൈംഗികമായി അതിക്രമിച്ചതിനാണ് ശിക്ഷ. 2018ലാണ് കേസിന് ആസ്പദമായ സംഭവം. ഒമ്പതുകാരൻ അമ്മയ്‌ക്കൊപ്പം അവരുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവരുടെ വീടിനടുത്ത ചായക്കടയിൽ എത്തിയിരുന്നതാണ് തയ്യൽക്കാരൻ.
2018 മേയ് 19ന് സായിബാബ ക്ഷേത്രത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ 20 രൂപ നൽകിയ ശേഷം പ്രതിയുടെ വീട്ടിലേക്ക് ബലപ്രയോഗിച്ച് എടുത്തുകൊണ്ടുപോകുകയായിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ഭീഷണിപ്പെടുത്തി മർദ്ദിക്കുകയും ചെയ്തു. പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നും പറഞ്ഞു. എന്നാൽ കുട്ടി സംഭവം അമ്മയുടെ സഹോദരിയോട് വെളിപ്പെടുത്തി.
പിന്നാലെ അമ്മ കുരാർ പോലീസിന് പരാതി നൽകുകയായിരുന്നു. പിറ്റേ ദിവസം പോലീസ് പ്രതിയെ പിടികൂടി. പത്തു സാക്ഷികളെ വിസ്തരിക്കുകയും കുട്ടി കോടതിയിൽ മൊഴി നൽകുകയും ചെയ്തു. പ്രതിഭാഗത്തിന്റെ വാദങ്ങൾ തള്ളിയ കോടതി വാദിഭാഗത്തിന്റെ വാദങ്ങൾ പൂർണമായി അംഗീകരിക്കുകയും തെളിവുകളും സാക്ഷി മൊഴികളും പരിഗണിക്കുകയും ചെയ്തു.