തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പാകിസ്താനിലെ ഇന്റർനെറ്റ് സൗകര്യം നിർത്തലാക്കി. രാജ്യത്താകമാനം സേവനം നിർത്തലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ അനാവശ്യ ഇടപെടലുകൾ നടത്താതിരിക്കാനാണ് താത്കാലിക നിരോധനമെന്നാണ് വിശദീകരണം. ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശത്തിലാണ് തീരുമാനം. കൂടാതെ 650,000 സുരക്ഷ ഉദ്യോഗസ്ഥരെയും അതിർത്തി പ്രദേശങ്ങളിലടക്കം വിന്യസിച്ചിട്ടുണ്ട്.
13 കോടി പാകിസ്താനികൾക്കാണ് വോട്ട് ചെയ്യാനാകുന്നത്. രാവിലെ 8 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമയം. ആക്രമങ്ങളോ മറ്റ് സംഘർഷങ്ങളോ ഉണ്ടായാൽ മാത്രമേ ഈ സമയം പുനഃക്രമീകരിക്കൂ. പാകിസ്താൻ മുസ്ലീം ലീഗ് നവാസ് (പി.എം.എൽ-എൻ), പാകിസ്താൻ തെഹരീകെ ഇൻസാഫ് (പി.ടി.ഐ) പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി) എന്നീ കക്ഷികളാണ് തിരഞ്ഞെടുപ്പിലെ പ്രധാനികൾ. ഇതിൽ ഇത്തവണ പട്ടാളം അകമഴിഞ്ഞ് സഹായിക്കുന്ന നവാസ് ഷെരീഫിന്റെ പാർട്ടി അധികാരത്തിലേറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഷെരീഫിന്റെ മുഖ്യശസ്ത്രു ഇമ്രാൻ ഖാൻ ജയിലിലും അദ്ദേഹത്തിന്റെ പാർട്ടിക്ക് ഔദ്യോഗിക ചിഹ്നം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനാൽ സ്ഥാനാർത്ഥികൾ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം സ്വന്തന്ത്ര സ്ഥാനാർത്ഥികളുടെ ഓഫീസിനരികിൽ സ്ഫോടന പരമ്പര നടന്നിരുന്നു. 30 ഓളം പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.