ശ്രീനഗർ: ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണ ജനങ്ങളുടെ സ്മരണാർത്ഥം മെഴുകുതിരി തെളിയിച്ച് ബിജെപി പ്രവർത്തകർ. ദീപങ്ങളുമായി ബിജെപി പ്രവർത്തകരും നാട്ടുകാരും ശ്രീനഗറിലെ ലാൽചൗക്കിലേക്ക് നടന്നു .
കശ്മീരിലെ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നത് ഭീകർക്ക് ദഹിക്കുന്നില്ലെന്നും കശ്മീരിലെ ജനങ്ങൾക്ക് പുരോഗതി ഉണ്ടാകുന്നത് ഭീകരർക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നും ബിജെപി പ്രവർത്തകർ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഈ അതിക്രൂരമായ ഭീകരാക്രമണത്തിൽ അഗാധമായ ഞെട്ടലും ദു:ഖവുമുണ്ടെന്നും അവരുടെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും മനോജ് സിൻഹ എക്സിൽ കുറിച്ചു.
ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർത്ത് ഒരു മാസം പിന്നിടുമ്പോഴാണ് ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം ഉണ്ടായത്. ശ്രീനഗറിലെ കൃഷ്ണ ഘാട്ടിക്ക് സമീപമുള്ള കുന്നിൻ ചെരുവിൽ നിന്ന് ഭീകരർ വെടിയുതിർക്കുകയായിരുന്നു. രണ്ട് പഞ്ചാബ് സ്വദേശികളാണ് കൊല്ലപ്പെട്ടത്. പ്രദേശം കനത്ത സുരക്ഷാ വലയത്തിലാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ നടത്തി വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.















