നാൽക്കാലികൾക്കായി അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി യാഥാർത്ഥ്യമാക്കാൻ പ്രമുഖ വ്യവസായി രത്തൻ ടാറ്റ. ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി പ്രദേശത്താകും രാജ്യത്തെ ആദ്യത്തെ അത്യാധുനിക മൃഗാശുപത്രി ആരംഭിക്കുകയെന്ന് ടാറ്റ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ മൃഗാശുപത്രിയാകും ഇത്.
അഞ്ച് നിലകളിലായി 98,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ആശുപത്രി നിർമ്മിക്കുക. മൃഗങ്ങളെ ചികിത്സിക്കുന്നതിനായി 200-ലധികം കിടക്കകൾ സജ്ജമാക്കും. ആഗോള തലത്തിൽ പ്രശസ്തരായ ഡോക്ടർമാരാകും മൃഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കുക. ഇതിന് പുറമേ പരിശീലനം ലഭിച്ച നഴ്സുമാർ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ സഹായവും ലഭ്യമാകും. 24 മണിക്കൂർ സേവനം ലഭ്യമാക്കും.
വളർത്തുമൃഗങ്ങൾ ഓരോ കുടുംബത്തിന്റെയും ഭാഗമാണെന്നും അവയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഓരോരുത്തർക്കുമുണ്ടെന്നും രത്തൻ ടാറ്റ പറഞ്ഞു. രാജ്യത്ത് വളർത്തുമൃഗങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇവയെ കാര്യമായി പരിചരിക്കാനോ അവയുടെ ജീവിതം മെച്ചപ്പെടുത്താനോ ഉള്ള സാഹചര്യം ഇല്ലെന്നതും വാസ്തവമാണ്. എല്ലാ മൃഗങ്ങൾക്കും പരിചരണവും സ്നേഹവും ചികിത്സയും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി യാഥാർത്ഥ്യമാക്കുകയെന്നും രത്തൻ ടാറ്റ കൂട്ടിച്ചേർത്തു.
ഇൻപേഷ്യന്റ്, ഐസോലേഷൻ യൂണിറ്റുകൾ ഉൾപ്പടെയുള്ള ഐസിയു യൂണിറ്റുകൾ,സോഫ്റ്റ് ടിഷ്യൂ സർജറി, ഓർത്തോപീഡിക്സ് തുടങ്ങിയ ശസ്ത്രക്രിയ സേവനങ്ങൾ, ഫാർമസി സേവനങ്ങൾ, എംആർഐ, എക്സ്-റേ, സിടി സ്കാൻ, യുഎസ്ജി തുടങ്ങിയ റേഡിയോളജി സേവനങ്ങൾ, ഹെമറ്റോളജി, മൈക്രോബയോളജി, സൈറ്റോളജി, ക്ലിനിക്കൽ പാത്തോളജി, ബയോകെമിസ്ട്രി, ഹിസ്റ്റോ-പാത്തോളജി, അനസ്തേഷ്യ സേവനങ്ങളാകും മൃഗങ്ങൾക്കായി ആശുപത്രിയിൽ സജ്ജമാക്കുക.