ദുബായ്: ഇന്ത്യൻ സമൂഹത്തെ കാണുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ എത്തുന്ന ‘അഹ്‍ലൻ മോദി’ പരിപാടിക്ക് ഇനി നാല് നാൾ കൂടി മാത്രം. ‘അഹ്‍ലൻ മോദി’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്കായി അബുദാബിയിൽ ഒരുക്കങ്ങൾ സജീവമായി കഴിഞ്ഞു. സ്വീകരണ പരിപാടി 700-ൽ അധികം കലാകാരന്മാർ ചേർന്നാണ് ഒരുക്കുന്നത്. ഫെബ്രുവരി 13-നാണ് പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്.
ദൃഢമായ നയതന്ത്ര ബന്ധത്തിനൊപ്പം കാലങ്ങളായുള്ള സൗഹൃദവും സഹകരണവും യുഎഇയുമായി ഇന്ത്യക്കുണ്ട്. ഇത് ഊട്ടിയുറപ്പിക്കാനുള്ള കൂടിച്ചേരലാകും അഹ്‍ലൻ മോദി പരിപാടി. ജിസിസിയിലെ തന്നെ ഏറ്റവും വലിയ പരിപാടികളിൽ ഒന്നാക്കി സമ്മേളനത്തെ മാറ്റാനാണ് സംഘാടകർ ശ്രമിക്കുന്നത്.
ഇന്ത്യയ്‌ക്കും യുഎഇയ്‌ക്കും ഇടയിൽ സമീപകാലത്ത് വലിയ മുന്നേറ്റമുണ്ടാക്കിയ വ്യാപാര – ബാങ്കിംഗ് രംഗത്തെ സഹകരണത്തിനൊപ്പം പുതിയ പ്രഖ്യാപനങ്ങളും ഈ പരിപാടിയിൽ ഉണ്ടാകാനാണ് സാധ്യത. ഇതുവരെ അഹ്‍ലൻ മോദിയിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ 65,000 കടന്നു.
യുഎഇയിലെ ഇന്ത്യൻ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് രജിസ്ട്രേഷൻ ഉൾപ്പടെ ഒരുക്കങ്ങൾ നടക്കുന്നത്. അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് സമ്മേളനം നടക്കുന്നത്.