വാഷിംഗ്ടൺ: കഴിഞ്ഞ ദിവസം നടന്ന പാകിസ്താൻ പൊതുതിരഞ്ഞെടുപ്പിന്റെ ഫലത്തിലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും ആശങ്ക അറിയിച്ച് അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയനും. തിരഞ്ഞെടുപ്പിന് പിന്നാലെ റിപ്പോർട്ട് ചെയ്യപ്പെട്ട ക്രമക്കേടുകള കുറിച്ച് അന്വേഷണം ആവശ്യമാണെന്നും ഇവർ വ്യക്തമാക്കി. പാകിസ്താനിലെ മുൻ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫിന്റേയും ഇമ്രാന്റെ ഖാന്റേയും പാർട്ടി സ്ഥാനാർത്ഥികൾ തമ്മിലായിരുന്നു പ്രധാന മത്സരം. വോട്ടെണ്ണലിന് പിന്നാലെ ഇരുകൂട്ടരും വിജയ പ്രഖ്യാപനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
പാക് അസംബ്ലിയിലെ 265 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 133 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയ സാമൂഹിക പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. മാദ്ധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണശ്രമങ്ങൾ ഉണ്ടായി. ഇതോടെയാണ് തിരഞ്ഞെടുപ്പിനെ കുറിച്ചും ഫലപ്രഖ്യാപനത്തെ കുറിച്ചും വിശദമായ അന്വേഷണം ആവശ്യമാണെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് അനാവശ്യമായ നിയന്ത്രണങ്ങളാണ് ഇപ്പോൾ പാകിസ്താനിൽ ഉള്ളതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് ആരോപിച്ചു.
തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഗുരുതരമായ ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും ന്യായമായ രീതിയിലാണോ തിരഞ്ഞെടുപ്പ് നടന്നതെന്നതിൽ സംശയമുണ്ടെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ ആരോപിച്ചു. അടുത്ത സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളെയോ വിജയം അഭിപ്രായപ്പെട്ട പാർട്ടികളെ അഭിനന്ദിക്കാനോ യൂറോപ്യൻ യൂണിയനും യുഎസും ബ്രിട്ടണും തയ്യാറായിട്ടില്ല.
245ൽ 98 സീറ്റുകളാണ് ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫിന്റെ സ്ഥാനാർത്ഥികൾ നേടിയത്. നവാസ് ഷെരീഫിന്റെ പിഎംഎൽഎൻ പാർട്ടി 69 സീറ്റുകൾ നേടി. നിലവിൽ ജയിലിൽ തുടരുന്ന ഇമ്രാൻ ഖാന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. തന്റെ പാർട്ടിയെ തകർക്കാൻ സൈന്യം ഇടപെടൽ നടത്തിയെന്ന ആരോപണവുമായി ഇമ്രാൻ ഖാനും രംഗത്തെത്തിയിരുന്നു.