ന്യൂഡൽഹി: കോൺഗ്രസ് അനുയായികൾ തന്നേയും തന്റെ പിതാവും മുൻ രാഷ്‌ട്രപതിയുമായ പ്രണബ് മുഖർജിയേയും അധിക്ഷേപിക്കുകയാണെന്നും ഇതിൽ നിന്നും അണികളെ വിലക്കണമെന്നും തനിക്ക് നീതി നൽകണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്തയച്ച് ശർമ്മിഷ്ഠ മുഖർജി. രണ്ട് പേജുകളിലായി എഴുതിയ ഈ കത്ത് ശർമ്മിഷ്ഠ സമൂഹമാദ്ധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്. ഏറ്റവും മോശമായ ഭാഷയാണ് തനിക്കും പിതാവിനുമെതിരെ കോൺഗ്രസ് അണികൾ ഉപയോഗിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ട്രോളിംഗിന് ഇരയായിട്ടുണ്ടെന്നും, മോശമായി അധിക്ഷേപിച്ച ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശർമ്മിഷ്ഠ പറയുന്നു.
” എന്നേയും എന്റെ പിതാവിനേയും ഏറ്റവും മോശം രീതിയിലാണ് അവർ അധിക്ഷേപിച്ചത്. അത് എന്തൊക്കെയാണെന്ന് ആവർത്തിക്കാൻ പോലും ബുദ്ധിമുട്ടുണ്ട്. പിതാവിനെതിരെ ലൈംഗികമായ പരാമർശങ്ങൾ പോലും ഇക്കൂട്ടർ നടത്തുന്നു. ഇതെല്ലാം വളരെയധികം ഞെട്ടലുണ്ടാക്കി. ജയറാം രമേശിനേയും സുപ്രിയ ശ്രീനേറ്റിനേയുമെല്ലാം ടാഗ് ചെയ്ത് ഈ വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തിയിരുന്നു, എന്നാലും ഈ കത്തുകൾക്ക് യാതൊരു പ്രതികരണമോ നടപടിയോ ഉണ്ടായിട്ടില്ല.
നീതിയെ കുറിച്ചാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത്. ലൈംഗികച്ചുവയുള്ളതുള്ളതും ഏറ്റവും മോശവുമായ അധിക്ഷേപത്തിന് വിധേയയായ സ്ത്രീ എന്ന നിലയിലും ഒരു പിതാവിന്റെ മകളെന്ന നിലയിലും നിങ്ങളുടെ സംഘടനയിലുള്ളവരിൽ നിന്ന് ഞാൻ നീതി ആവശ്യപ്പെടുകാണ്. നവീൻ ഷാഹി എന്നയാൾ എന്നെ ഏറ്റവും മോശം രീതിയിലാണ് അധിക്ഷേപിച്ചത്. വ്യക്തിഹത്യയാണ് ഇക്കൂട്ടർ നടത്തുന്നത്. അയാൾക്കെതിരെയും നിങ്ങളുടെ സോഷ്യൽ മീഡിയ ഭാരവാഹിക്കെതിരെയും നടപടിയെടുക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. നിങ്ങൾ നടത്തുന്ന ഈ ന്യായ് യാത്ര വെറും തിരഞ്ഞെടുപ്പ് മുദ്രാവാക്യമല്ലെന്ന് തെളിയിക്കണമെന്നും” ശർമ്മിഷ്ഠ മുഖർജി ആവശ്യപ്പെട്ടു.
തനിക്കും പിതാവിനുമെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയവരുടെ സ്‌ക്രീൻ ഷോട്ടുകളും ശർമ്മിഷ്ഠ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേറ്റിനേയും ജയറാം രമേശിനേയും ഈ പോസ്റ്റുകളിൽ ടാഗ് ചെയ്തിട്ടുമുണ്ട്. രാഹുൽ ഗാന്ധിയുടെ അനുയായികളാണ് ഇതെന്നും, കോൺഗ്രസിനെ ഈ നിലയിലേക്ക് വലിച്ചിഴച്ചിൽ ലജ്ജ തോന്നുന്നുണ്ടെന്നും ശർമ്മിഷ്ഠ കുറിച്ചു. യജമാനനെ വിമർശിച്ചാൽ അതിനെതിരെ അധിക്ഷേപം നടത്തുന്ന അപരിഷ്‌കൃതമായ രീതിയിൽ സംസാരിക്കുന്ന ഒരു കൂട്ടം ട്രോളന്മാർ മാത്രമാണ് ഇപ്പോൾ കോൺഗ്രസിൽ അവശേഷിക്കുന്നതെന്നും, തന്റെ ചോദ്യങ്ങൾക്ക് പാർട്ടിയിലെ നേതാക്കൾ ഉത്തരം പറയണമെന്നും ഇവർ ആവശ്യപ്പെടുന്നു.















