കാട്ടാനയുടെ പരാക്രമത്തിൽ ഒരാളുടെ ജീവൻ പൊലിഞ്ഞിട്ടും അനക്കമില്ലാതെ വനം വകുപ്പ്. മരണം നടന്ന് രണ്ട് മണിക്കൂറിന് ശേഷവും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയിട്ടില്ലെന്ന് പടമല വാർഡ് കൗൺസിലർ ആരോപിച്ചു. ഒരു കുടുംബത്തിന്റെ നട്ടെല്ലായിരുന്ന വ്യക്തിയാണ് അജീഷ് കുമാറെന്നും അവർ പറഞ്ഞു.
കാട്ടനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അജീഷ് മരിച്ചത്. സംഭവത്തിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളേിന് മുൻപിൽ നാട്ടുകാർ പ്രതിഷേധം നടത്തുകയാണ്. ജില്ലാ കളക്ടർ നേരിട്ടെത്തി വന്യമൃഗശല്യത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാതെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.
കാട്ടാന ഇറങ്ങിയ പശ്ചാത്തലത്തിൽ മാനന്തവാടി നഗരസഭയിലെ നാല് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുറുക്കൻമൂല, പയ്യമ്പള്ളി, കുറുവ, കാടൻകൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് രാവിലെയാണ് വീട്ടുമുറ്റത്തെത്തിയ കാട്ടാന അജീഷിനെ ചവിട്ടിയത്. കർണാടകയിൽ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയാണ് വയനാട്ടിലിറങ്ങിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആന ഇറങ്ങിയിട്ടുണ്ടെന്ന വിവരം ഉണ്ടായിരുന്നെങ്കിലും വനം വകുപ്പ് ആവശ്യമായ മുന്നറിയിപ്പും ജാഗ്രതയും പുലർത്തിയില്ലെന്നും അൽപ്പം കരുതലുണ്ടായിരുന്നെങ്കിൽ അജീഷിന്റെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. റേഡിയോ കോളർ ഉൾപ്പടെ ഘടിപ്പിച്ചിരുന്നതിനാൽ തന്നെ ആനയുടെ സഞ്ചാര പാത വ്യക്തമായിരുന്നു. വനം വകുപ്പിന്റെ അനാസ്ഥയാണ് ഒരാളുടെ ജീവനെടുത്തത്.