കൊൽക്കത്ത: പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുണ്ടായ അക്രമസംഭവങ്ങളിൽ അതൃപ്തിയും ആശങ്കയും അറിയിച്ച് ഗവർണർ സി.വി ആനന്ദബോസ്. ഒരു പരിഷ്‌കൃത സമൂഹത്തിൽ സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യമാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നും, അക്രമസംഭവങ്ങളിൽ റിപ്പോർട്ട് തേടി കൃത്യമായ നടപടി എടുക്കണമെന്നും ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഒളിവിൽ കഴിയുന്ന തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സന്ദേശ്‌വാലിയിൽ സ്ത്രീകൾ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയിരുന്നു. ഷെയ്ഖ് ഷാജഹാൻ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും, ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുത്തതായും ഈ സ്ത്രീകൾ ആരോപിച്ചിരുന്നു. പിന്നാലെ ഇയാളുടെ അനുയായികൾ പ്രതിഷേധം നടത്തിയ സ്ത്രീകൾക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തിൽ അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഗവർണർ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
” ഒരു പരിഷ്‌കൃത സമൂഹത്തിൽ സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യമാണ് സന്ദേശ്‌വാലിയിൽ സംഭവിച്ചിരിക്കുന്നത്. സ്ത്രീകൾക്കെതിരായ നഗ്നമായ നിയമലംഘനമാണ് സംഭവിച്ചിരിക്കുന്നത്. പൊതുമദ്ധ്യത്തിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാന സർക്കാർ ഇതിനെതിരെ കൃത്യവും കാര്യക്ഷമവുമായി നടപടി സ്വീകരിക്കണം.
നിയമം കയ്യിലെടുക്കാൻ ഒരു വ്യക്തിക്കും അധികാരമില്ല. സർക്കാരിന് ഈ അക്രമസംഭവങ്ങൾക്ക് അവസാനം കാണാനുള്ള ബാധ്യതയുണ്ട്. ഇപ്പോൾ അവിടെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പോലീസ് പ്രദേശത്ത് നിലയുറപ്പിച്ചുണ്ട്. സഭാസമ്മേളനം നടക്കുന്ന സമയത്ത് തന്നെ ഒരു ഗുണ്ടയോ അവന്റെ അനുയായികളോ നിയമം കയ്യിലെടുക്കുന്ന സാഹചര്യം വരുന്നത്, പൊതുസമൂഹത്തിനുള്ള മുന്നറിയിപ്പ് തന്നെയാണ്. വിഷയത്തിൽ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷം നടപടി ഉണ്ടാകുമെന്നും” രാജ്ഭവൻ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ ആനന്ദബോസ് പറയുന്നു
റേഷൻ കുംഭകോണക്കേസിൽ ഷെയ്ഖ് ഷാജഹാനെതിരെ നടപടിയെടുക്കാൻ ഇഡി ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഇയാളുടെ വീട് റെയ്ഡ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥ സംഘത്തേയും ഷാജഹാന്റെ അനുയായികൾ ആക്രമിച്ചിരുന്നു. പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. സന്ദേശ്‌വാലിയിൽ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും, കുറ്റക്കാർക്കെതിരെ നടപടി എടുക്കാതെ സർക്കാർ ഒളിച്ചു കളിക്കുകയാണെന്നും ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ആരോപിച്ചു. സമാധാനം പുന:സ്ഥാപിക്കാൻ ഗവർണറുടെ ഇടപെടൽ ആവശ്യമാണെന്നും ഇദ്ദേഹം പറഞ്ഞു.