ഇസ്ലാമാബാദ്: പാകിസ്താനിൽ കഴിഞ്ഞ ദിവസം നടന്ന വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്ന ആരോപണവുമായി സ്ഥാനാർത്ഥികൾ. വ്യാപക ക്രമക്കേടാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സ്ഥാനാർത്ഥികളിൽ പലരും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് സ്ഥാനാർത്ഥികളാണ് വോട്ടെണ്ണലിൽ ലീഡ് ചെയ്യുന്നതെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെയാണ് സംഭവം. അന്തിമ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിലുള്ള കാലതാമസത്തെ ചൊല്ലിയും പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫിന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് കൊണ്ട് ലാഹോർ ഹൈക്കോടതിയെ സമീപിച്ചത്. ഷെഹ്ബാസ് ഷെരീഫും ഹംസ ഷെഹബാസും വിജയ പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് നീക്കം. ഹംസ ഷെഹബാസിനെതിരെ മത്സരിച്ച ഭാര്യ ആലിയ ഹംസയുടെ ഭർത്താവ് ഫലപ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഹംസ ഷെഹബാസ് പരാജയപ്പെട്ടുവെന്നും രേഖകളിൽ കൃത്രിമം നടന്നതായും ഇദ്ദേഹം ആരോപിച്ചു.
പിഎംഎൽ-എൻ പ്രസിഡന്റിനെതിരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി യൂസഫ് മിയോ ഹൈക്കോടതിയെ സമീപിച്ചതായി പാർട്ടിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറം 45 പ്രകാരം ഫലം പ്രഖ്യാപിക്കണമെന്നും, റിട്ടേണിംഗ് ഓഫീസർ യൂസഫിനെ ഓഫീസിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിജയത്തെ ചോദ്യം ചെയ്ത് ഡോ യാസ്മിൻ റാഷിദാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മറിയം നവാസിന്റെ വിജയത്തെ ചോദ്യം ചെയ്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായ ഷെഹ്സാദ് ഫാറൂഖും കോടതിയെ സമീപിച്ചു.
ഇവർക്ക് പുറമെ പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് സ്ഥാനാർത്ഥികളുടെ വിജയത്തെ ചോദ്യം ചെയ്ത് നിലവിൽ 20ലധികം ഹർജികൾ ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസർമാരെ സമ്മർദ്ദത്തിലാക്കി അധികാരം പിടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഏക പ്രതീക്ഷ ജുഡീഷ്യറിയിലാണെന്നും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് സ്ഥാനാർത്ഥികൾ പറയുന്നു.