പന്നിക്കിടാങ്ങൾക്ക് അവരുടെ മാതാവിന്റെ രൂപത്തിൽ സ്തന്യം കൊടുത്ത ലീലയാണ് ഇത്.
വേഗവതി നദീതീരത്തിൽ ഐഹിക സുഖവും മോക്ഷവും നൽകുന്ന ഒരു പുണ്യ ക്ഷേത്രം ഉണ്ട്. മുനിമാരാൽ സ്തുതിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ നാമധേയം “ഗുരുതീർത്ഥം” എന്നാണ്. അവിടെ ശിവഭഗവാൻ “ഗുരുനാഥൻ” എന്ന നാമത്താൽ പ്രകീർത്തിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ ദർശന സൗഭാഗ്യം സകല പാപങ്ങളെയും നശിപ്പിക്കും എന്നാണ് വിശ്വാസം..
ഈ ക്ഷേത്ര പരിസരത്ത് സുകുലൻ എന്ന ശൂദ്രൻ പത്നിയോടൊപ്പം സസന്തോഷം ജീവിതം നയിച്ചു. ധനധാന്യങ്ങൾ സമൃദ്ധമായി ഉണ്ടായിരുന്നുവെങ്കിലും സന്താന സൗഭാഗ്യം അവർക്ക് ലഭിച്ചില്ല. അതുകൊണ്ട് അതിനുവേണ്ടി അവർ കഠിനമായി തപസ്സ് ചെയ്തു. അപ്പോൾ അവർക്ക് 12 പുത്രന്മാർ ഉണ്ടായി.അവർ ദുഷ്ടരും ബലശാലികളും ആയിരുന്നു. മാതാപിതാക്കൾ വാത്സല്യപൂർവ്വം അവരെ ലാളിച്ചു വളർത്തി. പുത്രന്മാർ യുവനാവസ്ഥയെ പ്രാപിച്ചപ്പോൾ മാതാപിതാക്കൾ ഇഹലോകവാസം വെടിഞ്ഞു. പിന്നീട് അവർ സ്വന്തം ഇഷ്ടപ്രകാരമുള്ള ജീവിതമാണ് നയിച്ചത്. പുണ്യം നേടുന്നതിന് ആഗ്രഹം ഉണ്ടായിരുന്നില്ല. പാപഭയവും അവർക്ക് ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ആഗ്രഹങ്ങൾ നിറവേറ്റി കൊണ്ട് പ്രയാസപ്പെട്ടാണ് അവരുടെ ജീവിതം മുന്നേറിയത്.
ഒരിക്കൽ അവർ വനത്തിൽ പോയി മൃഗങ്ങളെ പലയിടങ്ങളിലേക്കും ഓടിച്ചു കൊണ്ട് നടന്നു. അവിടെ ഒരു മഹർഷി ധ്യനസ്തനായിരിക്കുന്നത് കണ്ടു. ശിവ ധ്യാനത്തിൽ മുഴുകി നിശ്ചലനായി തപസ്സിൽ ലയിച്ചിരിക്കുകയായിരുന്നു അദ്ദേഹം. ശരീരത്തിൽ പുറ്റുകൾ വന്നു മൂടിയത് പോലും അദ്ദേഹം അറിഞ്ഞില്ല. ചുറ്റി പിണഞ്ഞ ജഡകളോടും ബ്രഹ്മ തേജസ്സോടും കൂടി കുറ്റി പോലെ അനങ്ങാതെ ഇരിക്കുന്ന അദ്ദേഹത്തിന്റെ ചുറ്റും 12 ശൂദ്രപുത്രന്മാരും വന്നുനിന്നു. കട്ടയും കല്ലും എറിഞ്ഞ് കൈകൊട്ടി ചിരിച്ചുകൊണ്ട് ചിരിച്ച് പരിഹസിച്ചും അട്ടഹാസം ചെയ്തു മണ്ണുവാരി എറിഞ്ഞും ആ ദുഷ്ടന്മാർ മഹർഷിയുടെ ധ്യാനത്തിന് തടസ്സം ഉണ്ടാക്കി. കോപാകുലനായ മഹർഷി അവരെ ശപിച്ചു. മണ്ണ് മാന്തി എടുക്കുന്ന നിങ്ങൾ മണ്ണു കുഴിക്കുന്ന പന്നികൾ ആയി ജനിക്കും. നിങ്ങളുടെ പന്നി മാതാപിതാക്കൾ കാലതാമസം കൂടാതെ മരിക്കും. അപ്പോൾ നിങ്ങൾ വിശപ്പും ദാഹവും കൊണ്ട് ക്ഷീണിക്കും. വെയിലേറ്റ് ദുഃഖിക്കും. ഈ ശാപം കേട്ടപ്പോൾ ശൂദ്രപുത്രന്മാർ ഭയന്നു. മഹർഷിയെ പ്രണമിച്ച് അപരാധം ക്ഷമിക്കണമെന്ന് അപേക്ഷിച്ചു. രക്ഷിതാക്കൾ ഇല്ലാതെയാകുമ്പോൾ തങ്ങളെ രക്ഷിക്കണമെന്ന് കൂടി അഭ്യർത്ഥിച്ചു. കാരുണ്യവാനായ മുനി ശാപമോഷം നൽകി. സുന്ദരേശ ഭഗവാൻ നിങ്ങളുടെ മാതാവിന്റെ രൂപത്തിൽ വന്നു മുലപ്പാൽ നൽകി രക്ഷിക്കും. അപ്പോൾ മുഖം ഒഴികെയുള്ള അവയവങ്ങൾ മനുഷ്യരൂപത്തിൽ ആകും. രാജാവിന് പ്രിയപ്പെട്ടവരായി അനേകകാലം സുഖമായി ജീവിക്കും. ഇത്രയും പറഞ്ഞതിനുശേഷം മഹർഷി വീണ്ടും ധ്യാനത്തിൽ മുഴുകി.
ശാപം നിമിത്തം 12 പേരും പന്നിക്കുഞ്ഞുങ്ങൾ ആയി ജനിച്ചു. ആ ഇടയ്‌ക്ക് രാജരാജൻ എന്ന പാണ്ഡ്യരാജാവ് സൈന്യസമേതം കാട്ടിലെത്തി. ദുഷ്ട മൃഗങ്ങളെ വധിച്ചുകൊണ്ട് നടക്കുമ്പോൾ രണ്ടു പന്നികളെ കണ്ടു. ശാപം നിമിത്തം പന്നിക്കുഞ്ഞുങ്ങൾ ആയി ജനിച്ചവരുടെ മാതാപിതാക്കൾ ആയിരുന്നു അവർ. പിതാവായ പന്നി, രാജാവ് തന്നെ വധിക്കുമെന്ന് മാതാവിന് മുന്നറിയിപ്പ് നൽകി. താൻ വധിക്കപ്പെടുമ്പോൾ പർവ്വതത്തിലുള്ള ഗുഹയിൽ പോയി പന്നിക്കുഞ്ഞുങ്ങൾക്ക് സ്തന്യം കൊടുത്ത് വളർത്തണമെന്നും പറഞ്ഞു. മാതാവായ പന്നി അതിനു തയ്യാറല്ലായിരുന്നു ശിശുക്കളെ ഉപേക്ഷിച്ച് മാതാവായപന്നിയും പിതാവിനോടൊപ്പം ഈ ലോകത്തിൽ നിന്ന് പോകാൻ ആഗ്രഹിച്ചു. മാതാപിതാക്കളായ പന്നികൾ രാജാവിനോട് എതിരിട്ടു. യുദ്ധത്തിൽ അവർ മരിച്ചു. രാജാവ് യുദ്ധം നിർത്തി സ്വരാജ്യത്തിൽ പോയി വിശ്രമിച്ചു.
സൂകരങ്ങൾ ശരീരം ത്യജിച്ച പർവ്വതം സൂകരപർവ്വതം എന്ന് അറിയപ്പെടുന്നു. സൂകര ശിശുക്കളായി ജനിച്ച ശൂദ്ര പുത്രൻ അനാഥരായി. മാതാവ് മരിച്ചതോടുകൂടി സ്തന്യം കിട്ടാതെ പന്നിക്കിടാങ്ങൾ വിഷമിച്ചു. സർവ്വ സംരക്ഷണ തൽപരനും സർവ്വജ്ഞനുമായ സുന്ദരേശ ഭഗവാൻ മീനാക്ഷി ദേവിയോടൊപ്പം വനയാത്ര നടത്തിയപ്പോൾ ദുഃഖിക്കുന്ന സുകര ശിശുക്കളെ കണ്ടു. ജഗൻമാതാവാണ് ആദ്യം ആ ശിശുക്കളെ കണ്ടത്. ദേവി അവയുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഈ ദൃശ്യം ഭഗവാനെ കാണിച്ചു.
പന്നിക്കുഞ്ഞുങ്ങളുടെ ദയനീയാവസ്ഥ കണ്ടപ്പോൾ ഹാലാസ്യനാഥൻ അവരുടെ മാതാവിന്റെ രൂപം സ്വീകരിച്ചു അവരുടെ സമീപം ചെന്ന് സ്തന്യം നൽകി. അത് പാനം ചെയ്തപ്പോൾ ആ ശിശുക്കളുടെ മുഖം ഒഴികെയുള്ള ഭാഗങ്ങൾ മനുഷ്യരൂപത്തിൽ ആയി..
ജ്ഞാനം ബലം പരാക്രമം തുടങ്ങിയവയും അവർക്ക് സിദ്ധിച്ചു. ശപിച്ച മുനി ശാപമോക്ഷം നൽകിയത് ഫലവത്തായി.
സൂകര സന്തതികളെ രക്ഷിച്ച ഈ ലീല ശാപദോഷം ശമിപ്പിക്കുകയും പാപങ്ങളെ നശിപ്പിക്കുകയും ചെയ്യും..
അടുത്ത ഹാലാസ്യ മാഹാത്മ്യം 46 – പന്നിക്കുട്ടികളുടെ മന്ത്രിപദ പ്രാപ്തി
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും