എറണാകുളം: കൊച്ചിയിലെ ബാർ ഹോട്ടലിൽ വെടിവയ്പ്പ്. കത്രിക്കടവ് എടശ്ശേരി ബാറിലാണ് സംഭവം. രണ്ടു ബാർ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്നലെ രാത്രി 11.30ഓടെയാണ് ആക്രമണം. മദ്യപിക്കാനെത്തിയവരും ബാർ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാവുകയായിരുന്നു.
മദ്യം നൽകുന്നത് സംബന്ധിച്ച തർക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു. നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. എയർ പിസ്റ്റൽ ഉപയോഗിച്ചാണ് ഇവർ ആക്രമണം നടത്തിയത്. ബാർ മാനേജരെ ആദ്യം മർദ്ദിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് വെടിവയ്പ്പിലേക്ക് എത്തിയത്.
ബാർ ജീവനക്കാരായ സിജിൻ, അജിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സിജിന്റെ വയറിനോട് ചേർന്നുള്ള ഭാഗത്ത് രണ്ട് ബുള്ളറ്റുകൾ തറച്ചിരുന്നു. അജിലിന്റെ കാലിനാണ് പരിക്കേറ്റത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
പ്രതികൾ കാറിൽ കടന്നുകളഞ്ഞതായാണ് വിവരം. സംഭവത്തിൽ നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.