ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഇന്ത്യയുടെ മുൻ നാവികസേനാംഗങ്ങളെ ദോഹയിലെ അപ്പീൽ കോടതി സ്വതന്ത്രരാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയാണ്. ഖത്തറുമായുള്ള നിരന്തരമായ നയതന്ത്ര ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ 28ന് ഇവരുടെ വധശിക്ഷ തടവുശിക്ഷയായി കുറച്ചിരുന്നു. സ്വതന്ത്രരാക്കിയ എട്ട് ഇന്ത്യക്കാരിൽ ഏഴ് പേരും ഡൽഹിയിൽ മടങ്ങിയെത്തി.
8 ഇന്ത്യൻ നേവി ഉദ്യോഗസ്ഥർ ആരാണ്?
ദോഹ ആസ്ഥാനമായുള്ള അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസിൽ ജോലി ചെയ്തിരുന്ന എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥരാണ് ഖത്തറിൽ ജയിലിൽ കഴിഞ്ഞിരുന്നത്. ഖത്തറിന്റെ സായുധ സേനയ്‌ക്കും സുരക്ഷാ ഏജൻസികൾക്കും പരിശീലനവും മറ്റ് സേവനങ്ങളും നൽകി കൊണ്ടിരുന്നത് ഈ സ്ഥാപനമാണ്. ഖത്തർ നാവികസേനക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമ്മിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രായേലിന് ചോർത്തി കൊടുത്തു എന്നതായിരുന്നു കേസ്
ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരെയാണ് ചാരവൃത്തി ആരോപിച്ച് 2022 ഓഗസ്റ്റിൽ കസ്റ്റഡിയിലെടുത്തത്. രാഷ്‌ട്രപതിയുടെ സ്വർണ്ണ മെഡൽ ലഭിച്ച വ്യക്തിയാണ് ക്യാപ്റ്റൻ നവതേജ് ഗിൽ.
പൂർണേന്ദു തിവാരിക്ക് 25 വർഷത്തെ തടവും രാഗേഷിന് മൂന്ന് വർഷത്തെ തടവുമാണ് ലഭിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻ നാവികസേനാ ഉദ്യോഗസ്ഥരിൽ നാല് പേർക്ക് 15 വർഷം തടവും മറ്റ് രണ്ട് പേർക്ക് 10 വർഷം തടവുമാണ് ഖത്തറിലെ അപ്പീൽ കോടതി വിധിച്ചത്. അതേസമയം, രഹസ്യസ്വഭാവമുള്ള നടപടിക്രമങ്ങളായതിനാൽ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നില്ല. ശിക്ഷിക്കപ്പെട്ടവർക്കെതിരെ ചുമത്തിയ കുറ്റങ്ങളും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
സൈനികരെ തിരികെ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ
വധശിക്ഷയിൽ ഇന്ത്യ അപലപിക്കുകയും ഇവരെ രാജ്യത്ത് തിരികെയെത്തിക്കാനായുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ ഖത്തറിലെ അപ്പീൽ കോടതിയെ സമീപിച്ചിരുന്നു . ഡിസംബർ 28 ന് ഖത്തർ അപ്പീൽ കോടതി വധശിക്ഷ ഇളവ് ചെയ്യുകയും തടവിന് ശിക്ഷിക്കുകയും ചെയ്തു.
ദുബായ് കാലാവസ്ഥാ ഉച്ചകോടിക്കിടെ, ഡിസംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിസംബറിൽ ഇവരുടെ വധശിക്ഷ ഖത്തർ അപ്പീൽ കോടതി ഇളവു ചെയ്തിരുന്നു. 2022 ഓഗസ്റ്റിൽ 8 പേരും അറസ്റ്റിലായത് മുതൽ ഇന്ത്യയുടെ നടത്തി വരുന്ന ഇടപെടലുകളുടെ നയതന്ത്ര വിജയം കൂടിയാണ് നാവികരുടെ മോചനം.
കേസിന്റെ നാൾവഴികൾ
2022 ഓഗസ്റ്റ് 30: അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസിൽ ജോലി ചെയ്തിരുന്ന എട്ട് ഇന്ത്യൻ നാവികര ഖത്തറിലെ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തു.
2023 മാർച്ച് 25: അറസ്റ്റിലായ എട്ടു പേർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി.
മാർച്ച് 29: വിചാരണയ്‌ക്ക് തുടക്കം.
ഒക്ടോബർ 29: ഖത്തർ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി 8 പേർക്കും വധശിക്ഷ വിധിച്ചു.
നവംബർ 9: വധശിക്ഷക്കെതിരെ കേന്ദ്രസർക്കാരിന്റെ നിയമസഹായത്തോടെ നാവികർ അപ്പീൽ നൽകി.
ഡിസംബർ 28: വധശിക്ഷയിൽ ഇളവു വരുത്തി എട്ടുപേർക്കും മൂന്ന് മുതൽ 25 വർഷം വരെ തടവുശിക്ഷ വിധിച്ചു.
2024 ഫെബ്രുവരി 12: എട്ടു പേരെയും സ്വതന്ത്രരാക്കി ഖത്തർ അമീർ ഉത്തരവ് പുറപ്പെടുവിച്ചു.