ന്യൂഡൽഹി: 18 മാസം നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കൊടുവിൽ ഇന്ത്യൻ നാവികരായിരുന്ന എട്ട് പേരെ മോചിപ്പിക്കാൻ തയ്യാറായിരിക്കുകയാണ് ഖത്തർ. ഭാരതം തീർത്ത നയതന്ത്രങ്ങളുടെ വിജയമാണിതെന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഓരോ മുൻ നാവികനും ഒരേസ്വരത്തിൽ പറയുന്നു. ഖത്തർ അമീറുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തി ബന്ധവും തിരശ്ശീലയ്‌ക്ക് പിന്നിൽ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചാണക്യബുദ്ധിയും നാവികരുടെ മോചനം സാധ്യമാക്കി. വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സ്വീകരിച്ച നിലപാടുകളും നാവികരുടെ മോചനത്തിൽ നിർണ്ണായകമായി. നാവികസേനാംഗങ്ങളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഖത്തർ അധികാരികളുമായി ഡോവൽ നടത്തിയിരുന്നു. രാജ്യത്തിന്റെ താത്പര്യങ്ങളും ആവശ്യങ്ങളും ഖത്തറിനെ അറിയിക്കുന്നതിനായി ഡോവൽ ദോഹയിലേക്ക് നടത്തിയ യാത്രകളെക്കുറിച്ചുമാണ് ദേശീയ മാദ്ധ്യമങ്ങൾ ഇപ്പോൾ പുറത്തുവിടുന്നത്.
2022 ഓഗസ്റ്റ് 30ന് അൽ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസിൽ ജോലി ചെയ്തിരുന്ന എട്ട് ഇന്ത്യൻ നാവികരെ ഖത്തറിലെ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തു. ഒക്ടോബർ 29ന് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഖത്തർ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി 8 പേർക്കും വധശിക്ഷ വിധിച്ചിരുന്നു. അതേസമയം, രഹസ്യസ്വഭാവമുള്ള നടപടിക്രമങ്ങളായതിനാൽ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നില്ല. മുങ്ങിക്കപ്പൽ നിർമാണരഹസ്യങ്ങൾ ഇസ്രായേലിന് ചോർത്തി നൽകിയതിനാണ് കേസെന്ന് മാത്രമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ശിക്ഷിക്കപ്പെട്ടവർക്കെതിരെ ചുമത്തിയ കുറ്റങ്ങളും ഔദ്യോഗികമായി പുറത്തുവന്നിരുന്നില്ല.
വിചാരണയ്‌ക്കുശേഷം 2022 ഒക്ടോബർ 26-ന് ഖത്തർ കോടതി എട്ട് പേരെയും വധശിക്ഷയ്‌ക്ക് വിധിച്ചു. പിന്നാലെ ഖത്തർ കോടതിയിൽ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ അപ്പീൽ സമർപ്പിച്ചു. നിയമപരമായി വിഷയത്തിൽ പരിഹാരം കാണുക, അല്ലെങ്കിൽ നയതന്ത്ര ബന്ധത്തിലൂടെ നാവികരുടെ മോചനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു ഇന്ത്യക്ക് മുന്നിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ഖത്തർ ഭരണകൂടവുമായി വിദേശകാര്യമന്ത്രാലയം നിരന്തരമായി ബന്ധപ്പെട്ടു കൊണ്ടിരുന്നു. നാവികരുടെ കുടുംബങ്ങൾക്ക് പൂർണ പിന്തുണയും നിയമസഹായവും ഇന്ത്യ ഉറപ്പുനൽകി.
ഖത്തർ ഇന്ത്യയുടെ അപ്പീൽ അംഗീകരിച്ചതോടെയാണ് കേസിൽ പുരോഗതികൾ ആരംഭിച്ചത്. ദുബായ് കാലാവസ്ഥാ ഉച്ചകോടിക്കിടെ, ഡിസംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ കുറിച്ചും വധശിക്ഷയ്‌ക്ക് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഉദ്യോഗസ്ഥരുടെ കാര്യം സംസാരിച്ചെന്നുമാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. പിന്നാലെ കഴിഞ്ഞ ഡിസംബർ 27-ന് നാവികസേനാ ഉദ്യോഗസ്ഥരുടെ വധശിക്ഷ തടവുശിക്ഷയായി കുറച്ചെന്ന ഖത്തർ കോടതിയുടെ വിധി പുറത്തുവന്നു. ഖത്തർ ഭരണാധികാരിയും നരേന്ദ്രമോദിയും തമ്മിലുള്ള ചർച്ചകളാണ് രാജ്യം ആഗ്രഹിച്ച വിധിയിലേക്ക് ഖത്തറിനെയെത്തിക്കാൻ കാരണം.















