ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ വിമുഖത കാട്ടുന്ന ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐയുടെ അന്ത്യശാസനം. രഞ്ജി മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന് ഐപിഎല്ലിന് ഒരുങ്ങുന്ന താരങ്ങളെ ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. താരങ്ങൾ അവരുടെ സംസ്ഥാനങ്ങൾക്ക് വേണ്ടി നിർബന്ധിതമായും രഞ്ജി ട്രോഫി കളിച്ചേ പറ്റൂവെന്നാണ് ദേശീയ സെലക്ടർമാർ വ്യക്തമാക്കിയത്. ദേശീയ ടീമിന്റെ ഭാഗമല്ലാത്ത, ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ചെലവഴിക്കുന്ന ഇന്ത്യൻ താരങ്ങളോടാണ് ഇമെയിൽ വഴി രഞ്ജി കളിക്കാൻ ആവശ്യപ്പെട്ടത്.
ദേശീയ ടീമിനും ഐപിഎല്ലിനും മാത്രമല്ല പ്രാധാന്യം നൽകേണ്ടത്. ആഭ്യന്തര ക്രിക്കറ്റിനും താരങ്ങൾ പ്രാധാന്യം നൽകണം. അവരവരുടെ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്- ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇഷാൻ കിഷനാകും ബിസിസിഐയുടെ വിമർശനം ഏറെ കേൾക്കുന്നത്.
വിക്കറ്റ് കീപ്പർ ബാറ്റർ രഞ്ജിയിൽ നിന്ന് മുങ്ങി ബറോഡയിൽ ഹാർദിക്കിനും ക്രുനാലിനുമൊപ്പം ഐപിഎല്ലിനു വേണ്ടിയുള്ള പരിശീലനം ആരംഭിച്ചിരുന്നു. ദീപക് ചഹാർ അടക്കമുള്ള താരങ്ങൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കുറച്ചുവർഷമായി കളിക്കുന്നില്ല.