അബുദാബി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎയിലെത്തി. അബുദാബി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആലിംഗനം ചെയ്ത് അറബ് രാജ്യത്തേക്ക് സ്വാഗതം ചെയ്തു. യുഎഇ അമീറിന്റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകിയാണ് പ്രധാനമന്ത്രിയെ വരവേറ്റത്.
പ്രധാനമന്ത്രിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, ഉഭയകക്ഷി ബന്ധം ദൃഢമാക്കുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. അബുദാബിയിൽ വച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുവരും തമ്മിൽ വിപുലമായ ചർച്ചകൾ നടക്കും.
നാളെ അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്സ് മന്ദിറിന്റെ സമർപ്പണ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് ദുബായ് മദീനത് ജുമൈറയിൽ നടക്കുന്ന ലോകനേതാക്കളുടെ ഗവൺമെന്റ് ഉച്ചകോടിയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.