കോഴിക്കോട്: നാദാപുരം വളയത്ത് നിർമ്മാണത്തിലിരിക്കുന്ന വീട് തകർന്നു വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. വിഷ്ണു, നവ്ജിത് എന്നിവരാണ് മരിച്ചത്. ഇടിഞ്ഞുവീണ സ്ലാബിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് ഇവർ മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു തൊഴിലാളികൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ പത്തിനായിരുന്നു സംഭവം. വളയത്തിന് സമീപം കൊമ്മാട്ടുപൊയിലിലാണ് നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് വീണത്. തൊഴിലാളികൾ ഇതിനിടയിൽ അകപ്പെട്ടു പോവുകയായിരുന്നു. ഇവർ പ്രദേശവാസികളെന്നാണ് പ്രാഥമിക വിവരം.