പാരീസ് ഒളിമ്പിക്‌സിൽ അർജന്റീനയ്‌ക്ക് വേണ്ടി ലയണൽ മെസി പന്തു തട്ടുമോ? ബ്രസീലിനെ തോൽപ്പിച്ച് ഒളിമ്പിക്‌സ് യോഗ്യത നേടിയത് മുതൽ ഫുട്‌ബോൾ ആരാധകർക്കിടയിലെ ചർച്ചാ വിഷയമിതാണ്. അണ്ടർ-23 ടീമാണ് ഒളിമ്പിക്‌സിൽ കളിക്കുന്നതെങ്കിലും മൂന്ന് സീനിയർ താരങ്ങളെ ടീമിലുൾപ്പെടുത്താം. അതനുസരിച്ച് മെസിക്ക് ഒളിമ്പിക്‌സിൽ പന്തുതട്ടാം.
എന്നാൽ മെസി അതിന് തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. പരിശീലകൻ ഹാവിയർ മഷെറാനോ മെസിക്ക് മുന്നിൽ അർജെന്റെയ്ൻ ഫുട്‌ബോൾ ടീമിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ച് മെസി കളിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. മെസിക്കൊപ്പം കളിക്കുകയെന്നത് തങ്ങളുടെ സ്വപ്നമാണെന്ന് ടീമിലെ മദ്ധ്യനിരതാരം തിയാഗോ അൽമാഡയും പറഞ്ഞിരുന്നു. 2008 -ലെ ബെയ്ജിംഗ് ഒളിമ്പിക്‌സിൽ മെസി കളിച്ച അർജെന്റെയ്ൻ ടീമാണ് വിജയിച്ചത്.
കോപ്പ അമേരിക്കയിൽ കളിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് മെസി പറഞ്ഞിരുന്നു. അടുത്ത ലോകകപ്പിന് മുമ്പ് വിരമിക്കുമോ എന്നതിലും മെസി വ്യക്തത വരുത്തിയിട്ടില്ല.