തൃപ്പൂണിത്തുറ സ്‌ഫോടനം: ഒളിവിൽ പോയ അഞ്ചുപേർ കസ്റ്റഡിയിൽ

Published by
Janam Web Desk

എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒൻപതുപേർ കസ്റ്റഡിയിൽ. തെക്കുംപുറം കരയോഗം ഭാരവാഹികളായ അഞ്ചുപേരെയും ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച നാലുപേരെയുമാണ് ഹിൽപാലസ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മൂന്നാറിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ഹിൽപാലസ് സ്റ്റേഷനിലെത്തിച്ചു.

തിങ്കളാഴ്ച രാവിലെയാണ് പടക്കസംഭരണ ശാലക്ക് തീപിടിച്ചത്. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തിരുവന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവും സഹായി ദിവാകരനുമാണു മരിച്ചത്. 45 ഓളം വീടുകൾക്കാണ് സ്‌ഫോടനത്തിൽ നാശനഷ്ടം സംഭവിച്ചത്. ഇതിൽ 10-ഓളം വീടുകൾ പൂർണമായും തകർന്നു. നേരത്തെ കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.

ഫോർട്ട് കൊച്ചി സബ്കളക്ടർ കെ. മീരയുടെ നേതൃത്വത്തിൽ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയൽ അന്വേഷണം നടക്കുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും.

Share
Leave a Comment