വെസ്റ്റിൻഡീസും യുഎസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിനിടെ ഹാർദിക് പാണ്ഡ്യയുടെ കണങ്കാലിന് പരിക്കേറ്റിരുന്നു. ഇതിൽ നിന്ന് ഇതുവരെയും പാണ്ഡ്യ മുക്തനായിട്ടില്ല. ഏകദിന ലോകകപ്പിൽ മികച്ച പ്രകടനമാണ് രോഹിത് ശർമ്മയ്‌ക്ക് കീഴിൽ ഇന്ത്യൻ ടീം കാഴ്ചവച്ചത്. അതുകൊണ്ട് രോഹിതിനെ ക്യാപ്റ്റനായി നിലനിർത്താനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. പരിക്ക് മാറി ടീമിലേക്ക് പാണ്ഡ്യ തിരിച്ചെത്തിയാൽ വൈസ് ക്യാപ്റ്റനായി തുടരും. എന്നാൽ കുടൂതൽ പ്രതികരണം നടത്താൻ അദ്ദേഹം തയ്യാറായില്ല.
ഒരിടവേളയ്‌ക്ക് ശേഷമാണ് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലൂടെ രോഹിത് ടി20യിലേക്ക് മടങ്ങിയെത്തിയത്. പരമ്പരയിൽ അദ്ദേഹം മികച്ച പ്രകടനമാണ് കാവ്ചവച്ചത്. രോഹിത്തിന് കീഴിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവയ്‌ക്കുന്നത്. ഏകദിന ലോകകപ്പിൽ തുടർച്ചയായ പത്ത് മത്സരങ്ങളിൽ ജയിച്ചാണ് ഫൈനലിന് യോഗ്യത നേടിയത്. പക്ഷേ കിരീടം നേടാൻ കഴിഞ്ഞില്ല. കാരണം ഇതൊരു മത്സരമാണ്. മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്നവർ വിജയിക്കും.
വരുന്ന ടി20 ലോകകപ്പിൽ ഇന്ത്യ കിരീടമുയർത്തും. ഫൈനൽ വേദിയായ ബാർബഡോസിൽ രോഹിത്തിന് കീഴിൽ ഇന്ത്യൻ പതാക പാറും. മുൻ ഇന്ത്യൻ നായകൻമാരായ സുനിൽ ഗവാസ്‌കർ , അനിൽ കുംബ്ലെ , ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഷായുടെ പരാമർശം.