കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സംഗക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി അഭിഭാഷകൻ. സുപ്രീം കോടതി അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവയാണ് ഹർജി നൽകിയത്. കേസിൽ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി തുടരന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമെന്നും അഭിഭാഷകൻ ഹർജിയിൽ പറഞ്ഞു.
സംസ്ഥാനത്തുടനീളം പ്രതിഷേധാഗ്നി കത്തി പടർന്നിട്ടും മുഖ്യമന്ത്രി മമത സംഭവത്തിൽ മൗനം പാലിക്കുകയാണ്. കേസിൽ ഇതുവരെ 17 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മമത പറയുമ്പോഴും മുഖ്യ പ്രതികൾ ഒളിവിലാണ്. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്‌ക്കിനെയും സംഘത്തെയും പിടികൂടാൻ മമതയുടെ പോലീസ് സന്നാഹത്തിന് സാധിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം പോലീസ് അതിക്രമത്തിനെതിരെ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നടുറോഡിലിരുന്ന് പ്രതിഷേധിച്ചിരുന്നു. അമിൻ ഉൾ എന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നെ ബൂട്ട് കൊണ്ട് ചവിട്ടുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന് സുവേന്ദു അധികാരി പറഞ്ഞു. തുടർന്ന് സന്ദേശ്ഖാലിയിലേക്ക് പോകുന്നതിനിടെ അധികാരിയെയും മറ്റ് നേതാക്കളെയും പോലീസ് തടയുകയും ചെയ്തു. മൂന്ന് ബിജെപി എംഎൽഎമാർക്കൊപ്പം അദ്ദേഹം സഞ്ചരിച്ച വാഹനം യാത്രാമദ്ധ്യേ പോലീസ് തടയുകയായിരുന്നു.
സ്ത്രീകൾക്കെതിരായുള്ള അതിക്രമ കേസ് അന്വേഷിക്കുന്നതിനായി ബിജെപിയുടെ ഉന്നതതല സമിതി ഇന്ന് സന്ദേശ്ഖാലി സന്ദർശിക്കും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നിർദ്ദേശപ്രകാരം കേന്ദ്രമന്ത്രിമാരും എംപിമാരും അടങ്ങുന്ന ആറംഗ സമിതിയാണ് സന്ദേശ്ഖാലി സന്ദർശിക്കുന്നത്.