ഒത്തുക്കളിയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ യുകെയിലെ ക്ലബ് ക്രിക്കറ്റർ റിസ്വാൻ ജാവേദിനെ 17.5 വർഷം വിലക്കി ഐസിസി. 2021ലെ അബുദാബി ടി10 ലീഗിലാണ് ഇയാൾ ഒത്തുക്കളി നടത്തിയത്. 2023 സെപ്റ്റംബർ മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നതായി അധികൃതർ വ്യക്തമാക്കി.
ഇസിബിക്ക് വേണ്ടി ഐസിസിയാണ് നടപടി സ്വീകരിച്ചത്. റിസ്വാൻ അടക്കം എട്ടുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ബംഗ്ലാദേശ് താരം നാസിർ ഹൊസൈനെ രണ്ടുവർഷം വിലക്കിന് ശിക്ഷിച്ചിരുന്നു. ജാവേദിനെതിരെ വിവിധ കുറ്റങ്ങളാണ് ചുമത്തിയത്. താരത്തിന്റെ വിശദീകരണങ്ങളൊന്നും തൃപ്തികരമായിരുന്നില്ല. ചിലതിന് റിസ്വാന് മറുപടിയുണ്ടായിരുന്നില്ല. സഹകളിക്കാരെ അഴിമതിക്ക് കൂട്ട് നിൽക്കാൻ നിർബന്ധിക്കുകയും ചെയ്തെന്നും കണ്ടെത്തി.
ഒത്തുക്കളിക്കായി പരിതോഷികം കൈപ്പറ്റുകയും ഇതിനായ സമീപിച്ചവരെക്കുറിച്ച് വെളിപ്പെടുത്താതെ ഇരിക്കുകയും ചെയ്തു. ഇടനിലക്കാരുമായുള്ള താരത്തിന്റെ ആശയവിനിമയ തെളിവുകളടക്കം ഐസിസി വിലയിരുത്തി. ശിക്ഷണ നടപടി ഇത്തരം കാര്യങ്ങൾക്ക് മുതിരുന്നവർക്കുള്ള മുന്നറിയിപ്പാണെന്നും ഐസിസി അറിയിച്ചു.