ആലപ്പുഴ: ഡിവൈഎഫ്ഐ വനിത നേതാവ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗത്തെ അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ കാവാലം മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ കാവാലം പത്തിൽചിറ വീട്ടിൽ പി.എൻ.അനന്തുവിനെ(26) ആണ് കൈനടി പോലീസ് പിടികൂടിയത്. ജനുവരി 5നാണ് കാവാലം രണ്ടരപ്പറയിൽ ആർ.വി.തിലകിന്റെ മകൾ ആതിര (25) ജീവനൊടുക്കിയത്. നിയമ വിദ്യാർത്ഥിയായിരുന്ന ആതിര ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം രണ്ടുവർഷം മുൻപ് നടന്നിരുന്നു. അനന്തുവിനെ രാമങ്കരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആത്മഹത്യാപ്രേരണ, സ്ത്രീത്വത്തെ അപമാനിക്കൽ, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.വിവാഹ നിശ്ചയത്തിന് ശേഷം ആതിരയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്ന അനന്തു സംഭവ ദിവസവും പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു.
ഇതിനിടെ ഇവർ തമ്മിൽ വാക്ക് തർക്കത്തിലാവുകയും അനന്ദു യുവതിയെ മർദ്ദിക്കുകയും ചെ്തു. ഇക്കാര്യം ആതിരയുടെ മുത്തച്ഛൻ ആർ.കെ.വാസു (91) പോലീസിനെയും ബന്ധുക്കളെയും അറിയിച്ചു. അദ്ദേഹം മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്.
മത്സ്യവ്യാപാരികളായ അച്ഛനും അമ്മയും ജോലിക്കു ശേഷം രാത്രി വീട്ടിലെത്തിയപ്പോഴാണ് ആതിരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ വാസു വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഈ മാസം മരിച്ചു.