ന്യൂഡൽഹി: ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളി ആംആദ്മി പാർട്ടിയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി പാർലമെൻ്റിൽ വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.
ബിജെപി ആരെയെങ്കിലും ഭയക്കുന്നുവെങ്കിൽ അത് ആംആദ്മിയാണ്. വരുന്ന 2024-ലെ ലേക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടില്ലെങ്കിൽ 2029-ൽ ആംആദ്മി പാർട്ടി ഇന്ത്യയെ ബിജെപി മുക്തമാക്കുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് ആംആദ്മി പാർട്ടിയുടെയും തന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു,
മദ്യനയ അഴിമതി കേസിൽ ഇഡി സമൻസ് സ്വീകരിക്കാതെ ഒഴിഞ്ഞുമാറുന്നതിനിടെയാണ് അരവിന്ദ് കെജ്‌രിവാൾ നിയമസഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ചത്. 70 അംഗ നിയമസഭയിൽ ഇത് രണ്ടാം തവണയാണ് കെജ്‌രിവാൾ സർക്കാർ വിശ്വാസവോട്ട് തേടുന്നത്. നിലവിലെ നിയമസഭയിൽ ആംആദ്മിക്ക് 62-ും ബിജെപിക്ക് എട്ടും എംഎൽഎമാരുമാണുള്ളത്.
ഡൽഹി മദ്യനയ കേസ് തെറ്റാണെന്നും മദ്യ കുംഭകോണം ഒരു കുംഭകോണമല്ലെന്നും ഡൽഹി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് ഇതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. 62 എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിലും ആത്മവിശ്വാസം നഷ്ടമായതുകൊണ്ടാണ് കെജ്‌രിവാൾ വിശ്വാസപ്രമേയം അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി വിമർശിച്ചു. വെറും എട്ട് ബിജെപി എംഎൽഎമാരെ ആംആദ്മി ഭയക്കുന്നു. അതിനാലാണ് വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന് മുമ്പ്, ഏഴ് പേരെ സസ്‌പെൻഡ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.