വയനാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ വയനാട് സന്ദർശിക്കും. ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം കണ്ണൂരിലെത്തും. തുടർന്ന് നാളെ രാവിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് സന്ദർശിക്കും.
നേരത്തെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാറ്റിവച്ച സന്ദർശനത്തിനാണ് ഗവർണർ ഒരുങ്ങുന്നത്. ബെംഗളൂരുവിൽ നിന്നുള്ള സിആർപിഎഫിന്റെ പ്രത്യേക വിഐപി സുരക്ഷയും അദ്ദേഹത്തിനൊരുക്കിയിട്ടുണ്ട്. 41 സുരക്ഷാ ഉദ്യോഗസ്ഥരാകും ഗവർണർക്കൊപ്പം ഡ്യൂട്ടിയിലുണ്ടാകുക.
വന്യജീവി ആക്രമണങ്ങളെ വകുപ്പ് മന്ത്രി നിസാരവത്കരിച്ചതിനിടെയിലാണ് ഗവർണറുടെ വയനാട് സന്ദർശനം. വന്യജീവി ആക്രണങ്ങളെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ സ്വാഭാവികമെന്നാണ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞത്. പ്രശ്നം പരിഹരിക്കാനായി വയനാട്ടിലേക്ക് പോകണമെന്നില്ലെന്നും ജനക്കൂട്ടത്തോടല്ല മറിച്ച് ഉത്തരവാദിത്തപ്പെട്ടവരോടാണ് സംസാരിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.